ന്യൂയോർക്ക്: സ്കൂൾ വിദ്യാർത്ഥിനിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. സ്റ്റാറ്റൻ ഐസ്‌ലന്റിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളിൽ പ്രതിഷേധമുയർന്നതിന് പിന്നാലെ ന്യൂയോർക്ക് നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ നിക്കോളസ് സ്കാൽസോ ആണ് നടപടി നേരിട്ടത്. സ്കൂൾ വിദ്യാർത്ഥിനികൾ തമ്മിൽ നടന്ന ത‌ർക്കം പരിഹരിക്കാനെത്തിയ നിക്കോളസ് വിദ്യാർത്ഥിനിയുടെ തലയ്ക്ക് നിരവധി തവണ മുഷ്ഠി ചുരുട്ടി ഇടിക്കുന്നത് വീഡിയോ ദൃശ്യത്തിൽ വ്യക്തമായിരുന്നു.

ചൊവ്വാഴ്ച പുലർച്ചയോടെ നടന്ന സംഭവത്തിൽ ഒരു പറ്റം വിദ്യാർത്ഥിനികൾ തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. ഇത് നിയന്ത്രിക്കാനാണ് നിക്കോളസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയത്. വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രകോപിതനായ ഇയാൾ പതിനാലുകാരിയായ വിദ്യാർത്ഥിനിയെ മർദ്ദിക്കുകയായിരുന്നു. മറ്റു വിദ്യാർത്ഥിനികൾ പൊലീസ് ഉദ്യോഗസ്ഥനെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ മർദ്ദനം തുടർന്നു.

സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ന്യൂയോർക്ക് സിറ്റി മേയർ അടക്കം വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തയിരുന്നു. ഇതിന് പിന്നാലെ മാസവേതനമൊഴിവാക്കിക്കൊണ്ട് പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായി അറിയിപ്പ് വന്നു. അതേ സമയം തർക്കത്തിനിടയിൽ തന്റ സഹോദരിയെ കൈവിലങ്ങണയിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥൻ തന്നെ മർദ്ദിച്ചതെന്ന് ഇരയായ വിദ്യാർത്ഥിനി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥിനിയെയും സഹോദരിയെയും ക്രിമിനൽ വകുപ്പുകൾ ഒന്നും ചുമത്താതെ വിട്ടയച്ചിരുന്നു. കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥന് എതിരെ അമിത ബലപ്രയോഗത്തിന് വേറെയും പരാതികൾ നിലനിൽക്കുന്നതായാണ് റിപ്പോർട്ട്. ഇയാൾക്കെതിരെ വംശീയമായ അതിക്രമവും പ്രതിഷേധക്കാർ ആരോപിച്ചിരുന്നു.