ന്യൂഡൽഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും മദ്യപന്റെ പരാക്രമം. സഹയാത്രികയുടെ പുതപ്പില്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ചു. ഡിസംബര്‍ 6 ന് പാരീസ്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. ഇയാള്‍ രേഖാമൂലം ക്ഷമാപണം നടത്തിയതിനാല്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരും ഏത് ക്ലാസിലാണ് യാത്ര ചെയ്തതെന്ന് വ്യക്തമല്ല.

ഡിസംബര്‍ 6 ന് രാവിലെ 9:40 ഓടെയാണ് വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്. യാത്രക്കാരന്‍ മദ്യലഹരിയിലാണെന്നും ക്യാബിന്‍ ക്രൂവിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും ഇയാള്‍ ഒരു സ്ത്രീയുടെ പുതപ്പില്‍ മൂത്രമൊഴിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവള അധികൃതരെ അറിയിച്ചു. ഇതോടെ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ യാത്രക്കാരനെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍ പിടികൂടി.

എന്നാല്‍ രണ്ട് യാത്രക്കാരും വിഷയത്തില്‍ ഒത്തുതീര്‍പ്പിലെത്തി. ഇയാള്‍ രേഖാമൂലം സഹയാത്രികയോട് മാപ്പ് പറയുകയും ചെയ്തു. ഇതോടെ ആദ്യം രേഖാമൂലം പരാതി നല്‍കിയ യാത്രക്കാരി പോലീസ് കേസ് ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് എമിഗ്രേഷന്‍, കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം യാത്രക്കാരനെ പോകാന്‍ അനുവദിച്ചു.

നേരത്തെ ന്യൂയോർക്ക്- ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച യുവാവിനെ തിരിച്ചറിഞ്ഞിരുന്നു.  ഇയാളെ പിടികൂടാൻ ഡൽഹി പോലീസ് നടപടി ആരംഭിച്ചതായി പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 45 വയസ്സുകാരനായ ശേഖർ മിശ്ര എന്ന ആളാണ് സ്ത്രീയ്ക്ക് നേരെ മൂത്രമൊഴിച്ചത്. മുംബൈ സ്വദേശിയാണ് ഇയാൾ. ശേഖറിനെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി നടപടികൾ ആരംഭിച്ചിട്ടുണ്ട്. 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (ലൈംഗിക പീഡനം), 294 (പൊതുസ്ഥലത്ത് അശ്ലീലം), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ), 510 (മദ്യപിച്ചെത്തി പൊതുസ്ഥലത്ത് മോശമായി പെരുമാറുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എത്രയും വേഗം യുവാവിനെ അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ട്. 

കഴിഞ്ഞ വർഷം നവംബർ 26നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ മദ്യപിച്ചെത്തിയ ഒരാൾ എഴുപതുകാരിയുടെ നേരെ മൂത്രമൊഴിക്കുകയായിരുന്നു. ക്യാബിൻ ക്രൂ സംഭവത്തെ നിസ്സാരവത്കരിച്ചുവെന്ന് കാണിച്ച് തന്റെ നിരാശ പ്രകടിപ്പിച്ച് വനിതാ യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

സംഭവം പരാതിപ്പെട്ട സ്ത്രീയ്ക്ക് ക്യാബിൻ ക്രൂ അംഗങ്ങൽ  ഒരു ജോടി പൈജാമയും സ്ലിപ്പറുകളും നൽകി മടക്കി അയച്ചു. എന്നാൽ കുറ്റവാളിക്കെതിരെ ഒരു നടപടിയും അവർ സ്വീകരിച്ചില്ല. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് സ്വീകരിച്ചതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചിരുന്നു. മദ്യലഹരിയിലായിരിക്കെ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചതിന് എയർലൈൻ 30 ദിവസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.