തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ്  ജീവനക്കാര്‍ നടത്തുന്ന സൂചനാ പണിമുടക്ക് തൃശൂരില്‍ തുടങ്ങി. നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. പ്രതിദിന വേതനം 1500 രൂപയാക്കണമെന്നത് ഉള്‍പ്പടെയുളള ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. രാവിലെ പത്തിന് തൃശൂര്‍ പടിഞ്ഞാറേക്കോട്ടയില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം കളക്ട്രേറ്റില്‍ അവസാനിക്കും. അതേസമയം അത്യാഹിത വിഭാഗങ്ങളടക്കമുള്ള അവശ്യ വിഭാഗങ്ങളെ സമരം ബാധിക്കരുതെന്ന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റാതിരിക്കാന്‍ മൂന്നിലൊന്ന് ജീവന്ക്കാരെ സമരത്തിന്റെ ഭാഗമാകൂയെന്ന് യുഎന്‍എയും അറിയിച്ചിട്ടുണ്ട്.

വേതന വര്‍ധനവുമായി ബന്ധപ്പെട്ട് രണ്ട് തവണ കൊച്ചി ലേബര്‍ കമ്മീഷണര്‍ ഓഫീസിലും തൃശ്ശൂര്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസിലും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ കൊച്ചിയിലെ ചര്‍ച്ച സമവായമാവതെ പിരിഞ്ഞു. തൃശ്ശൂരിലെ ചര്‍ച്ചയില്‍ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ എത്തിയില്ലായിരുന്നു. ഇതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാന്‍ യുഎന്‍എ തീരുമാനിച്ചത്.

 സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് തൊഴില്‍ വകുപ്പ് ഉറപ്പാക്കുക, തൊഴില്‍ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കുക, നിയമലംഘനം നടത്തുന്ന മാനേജ്‌മെന്റുകള്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക എന്നിവയാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ മറ്റു ആവശ്യങ്ങള്‍. ആവശ്യപ്പെട്ട വേതന വര്‍ധനവിന്റെ അന്‍പത് ശതമാനം അനുവദിക്കുന്ന ആശുപത്രികളെ സമരത്തില്‍ നിന്നും ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമന്നും യുഎന്‍എ വ്യക്തമാക്കിയിട്ടുണ്ട്.