തിരുവനന്തപുരം: കേരളത്തിൽ ഭക്ഷ്യ സുരക്ഷ എന്നത് വെറുമൊരു വാക്കുമാത്രമാവുകയാണ്. സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 6 ലക്ഷത്തോളം സ്ഥാപനങ്ങളാണ്. ഇതിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് ലൈസൻസ് നൽകിയിരിക്കുന്നത് 40000 ല്‍  സ്ഥാപനങ്ങൾക്ക് മാത്രം. 6 ലക്ഷം സ്ഥാപനങ്ങൾ പരിശോധിക്കാൻ ഫീൽഡിൽ 140 ഭക്ഷ്യസുരക്ഷാ ഓഫീസർമാർ മാത്രമാണ് ഉള്ളത്. 

ഭക്ഷ്യപദാര്‍ത്ഥം വിൽപ്പന ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ലൈസന്‍സ് എടുക്കണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ടോള്‍ ഫ്രീ നമ്പർ കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും കഴിഞ്ഞവർഷം നിശ്ചയിച്ചിരുന്നു. ഭക്ഷണം സംബന്ധിച്ച പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാക്കും എന്നും സർക്കാർ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ അന്ന് പ്രഖ്യാപിച്ച നടപടികൾ മിക്കതും ഉത്തരവുകൾ മാത്രമായി ഒതുങ്ങി.

ശുചിത്വം, സൗകര്യങ്ങൾ, വില എന്നിവയുടെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്ക് റേറ്റിങ്, ആപ്പ് വഴി ഹോട്ടലുകളുടെ ഈ റേറ്റിങ് നോക്കി പൊതുജനത്തിന് കയറാൻ കഴിയുന്ന സംവിധാനം, ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി അംഗീകരിച്ച ഏജൻസികളാണ് ഓഡിറ്റ് നടത്തി റേറ്റിങ് നൽകുക, തുടങ്ങി മുഴുവൻ ഹോട്ടലുകളെയും ഇതിന് കീഴിൽ കൊണ്ടുവന്ന് ആപ്പ് സജീവമാവുന്നതോടെ അവസ്ഥക്ക് മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇതിന് കീഴിൽ സംസ്ഥാനത്തെ 800 ഹോട്ടലുകളാണുള്ളത്. ഇതുവരെ 40,000 ത്തോളം ഹോട്ടലുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്  പരിശോധന നടത്തിയത്. 1 കോടി 34 ലക്ഷം രൂപയിലധികം പിഴയീടാക്കി, ഇതിൽ 3244 കേസുകൾ തീർപ്പു കൽപ്പിച്ചു.