മധ്യപ്രദേശിലെ സാഗറില്‍ ബിജെപി നേതാവിന്റെ ഹോട്ടല്‍ സ്‌ഫോടക വസതുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു.  കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നേതാവ് മിശ്രി ചന്ദ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള അഞ്ച് നില കെട്ടിടമാണ് ജില്ലാഭരണകൂടെ ഡൈനാമിറ്റുകള്‍ ഉപയോഗിച്ച് പൊളിച്ചത്. ഇന്നലെ വൈകിട്ട്, ഇന്‍ഡോറില്‍ നിന്നുള്ള പ്രത്യേക സംഘമാണ് 12 മണിക്കൂറോളം സമയമെടുത്ത് 60 ഡൈനാമിറ്റുകള്‍ ഉപയോഗിച്ച് ഹോട്ടല്‍ തകര്‍ത്തത്‌. 80 കിലോ വെടിമരുന്നും 85 കിലോ ജലാറ്റിന്‍ ദണ്ഡുകളുമാണ് കെട്ടിടം പൊളിക്കാന്‍ ഉപയോഗിച്ചത്. ഇതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിടം നിലംപരിശായി. 

സാഗര്‍ ജില്ലാ കളക്ടര്‍ ദീപക് ആര്യ, ഡിഐജി തരുണ്‍ നായക്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. സാഗറിലെ മകരോണിയ ഇന്റര്‍സെക്ഷന് സമീപമാണ് മിശ്രി ചന്ദ് ഗുപ്തയുടെ ഹോട്ടല്‍ ജയറാം പാലസ് സ്ഥിതി ചെയ്യുന്നത്.

ഇരുനില കെട്ടിടം പണിയാനാണ് അനുമതി വാങ്ങിയിരുന്നതെന്നും എന്നാല്‍ അഞ്ച് നിലകളുള്ള ഹോട്ടല്‍ നിര്‍മ്മിക്കുകയായിരുന്നെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.’സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഹോട്ടലിന് ചുറ്റുമുള്ള കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മറ്റ് നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. കെട്ടിടം മാത്രമാണ് പൊളിച്ചത്,’ ജില്ലാ കളക്ടര്‍ ദീപക് ആര്യ പറഞ്ഞു.

ബിജെപി നേതാവ് ഉള്‍പ്പെട്ട ജഗദീഷ് യാദവ് വധക്കേസില്‍ ജനരോഷം ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെ നടപടി. ഡിസംബര്‍ 22നാണ് കൊറേഗാവ് സ്വദേശിയായ യാദവ് എസ്യുവി ഇടിച്ച് മരണപ്പെട്ടത്. സംഭവത്തില്‍ ബിജെപി നേതാവ് മിശ്രി ചന്ദ് ഗുപ്തയ്ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെയാണ് കേസെടുത്തിട്ടുള്ളത്.  കേസിലെ എട്ട് പ്രതികള്‍ക്കെതിരെയും പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇതില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മിശ്രി ചന്ദ് ഗുപ്തയും മറ്റ് രണ്ട് പേരും ഇപ്പോഴും ഒളിവിലാണ്.