തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഭരണഘടനാ വ്യവസ്ഥകളില്‍ നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന കേന്ദ്ര സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചുമാണ് സംസ്ഥാനം നിവേദനം നല്‍കുക. കേരള സര്‍ക്കാരിന്റെ കടമെടുപ്പ് പരിധി 2017 ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ഇതുള്‍പ്പെടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതും സംസ്ഥാനം അഭിമുഖീകരിക്കുന്നതുമായ പ്രധാന പ്രശ്‌നങ്ങള്‍ നിവേദനമായി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരിക്കുന്നത്.  

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തുക, സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉയര്‍ത്തുക, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പരിധി പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ദീര്‍ഘകാലമായി കേരളം ഉയര്‍ത്തുന്നുണ്ട്. ഫെബ്രുവരി 1 ന് നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിനെക്കൂടി മുന്നില്‍ കണ്ടാണ് കേരളം വീണ്ടും അതേ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാനൊരുങ്ങുന്നത്. 

സംസ്ഥാനത്തിന്റെ തനി കടമെടുപ്പ് പരിധി കണക്കാക്കുമ്പോള്‍ പൊതു കണക്കിനത്തില്‍ നീക്കിയിരിപ്പായി വരുന്ന തുകയെ സംസ്ഥാനത്തിന്റെ പൊതുകടത്തിലുള്‍പ്പെടുത്താന്‍ 2017ല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 293(3)നെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഇതെന്ന വാദം നിലനില്‍ക്കുന്നുണ്ട്. അതനുസരിച്ച് സംസ്ഥാന പൊതുമേഖലാ കമ്പനികള്‍-കോര്‍പ്പറേഷനുകള്‍, പ്രത്യക ഉദ്ദേശ സ്ഥാപനങ്ങള്‍  എന്നിവ സംസ്ഥാന ബജറ്റ് വഴിയോ അവര്‍ക്കായി നിശ്ചയിച്ചു നല്‍കിയ സംസ്ഥാനത്തിന്റെ നികുതി/സെസ്/ ഏതെങ്കിലും തരത്തിലുള്ള സംസ്ഥാന വരുമാനം എന്നിവ വഴിയോ തിരിച്ചടയ്ക്കുന്ന വായ്പകള്‍, അനുച്ഛേദം 293(3) പ്രകാരം കടമെടുപ്പിനുള്ള സമ്മതപത്രം പുറപ്പെടുവിക്കുമ്പോള്‍ സംസ്ഥാനം എടുത്ത കടമായി കണക്കാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. 
 
ഈ സാഹചര്യത്തിലാണ് പൊതുകണക്കിനത്തിലെ എല്ലാനീക്കിയിരിപ്പുകളും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകളും സംസ്ഥാന സര്‍ക്കാരിന്റെ തനി കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനം പുനഃപരിശോധിച്ച് 2017ന് മുമ്പ് നില നിന്നിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കേരളം അഭ്യര്‍ത്ഥിക്കുന്നത്.