തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് തനിക്കുള്ള ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി അയച്ച ശുപാര്‍ശ അംഗീകരിച്ചതായും സത്യപ്രതിജ്ഞ നാളെ നടക്കുമെന്നും അറിയിച്ചതിനൊപ്പമാണ് ഇക്കാര്യത്തില്‍ തന്റെ ആശങ്ക കൂടി മുഖ്യമന്ത്രിയുമായി പങ്കു വെച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര് മന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. ഭരണഘടനാ ബാധ്യത നിറവേറ്റുക എന്നതിനാല്‍ ആത്യന്തികമായി മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചു. എന്നാല്‍ വിഷയത്തില്‍ തനിക്കുള്ള ആശങ്ക താന്‍ മുഖ്യമന്ത്രിയുമായി പങ്കുവെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കത്ത് നല്‍കിയിട്ടുണ്ട്. സജി ചെറിയാന്‍ ആദ്യമായി മന്ത്രിയാവുകയല്ല. അതുകൊണ്ടു തന്നെ ഇത് ഒരു അസാധാരണ സാഹചര്യമാണ്. തന്റെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അത് മാധ്യമങ്ങളുമായി പങ്കുവെക്കാനാവില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. 

മനസില്ലാ മനസോടെയാണ് താന്‍ സജി ചെറിയാനെ മന്ത്രിയാക്കാന്‍ സമ്മതിച്ചതെന്ന് കൂടി പറഞ്ഞുവെക്കുകയാണ് ഗവര്‍ണര്‍. അതേസമയം താന്‍ ഭരണഘടന വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സജി ചെറിയാന്‍ പ്രതികരിച്ചത്. ആറുമാസം മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും താല്‍പര്യം സംരക്ഷിക്കാനാണ്. തന്റെ പേരില്‍ എവിടെയും കേസില്ല. ഹൈക്കോടതിയിലും മജിസ്‌ട്രേറ്റ് കോടതിയിലും കേസില്ല. പോലീസ് അന്വേഷണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണ്. കോടതിയില്‍ തടസ്സവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.