മലപ്പുറം: മലപ്പുറം താനൂരില്‍ ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തിവീഴ്ത്തി. താനൂര്‍ ടൗണിലെ ടി.എ. റെസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. പ്രതിയായ സുബൈറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. 

പുലര്‍ച്ചെ ടി.എ റെസ്റ്റോറന്റിലെത്തിയ സുബൈര്‍ ചായ ആവശ്യപ്പെട്ടു. തുടര്‍ന്ന് ചായയില്‍ മധുരം കുറവാണെന്ന് പറഞ്ഞ് മനാഫിനോട് തര്‍ക്കിച്ചു. കുറച്ചുനേരത്തിന് ശേഷം ഇയാള്‍ കത്തിയുമായി തിരിച്ചെത്തി. വീണ്ടും മനാഫിനോട് കയര്‍ത്ത പ്രതി പല തവണ കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. താനൂരില്‍ ഉച്ചയ്ക്ക് ഒരു മണിവരെ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ച് പ്രതിഷേധിച്ചു.