തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് എടുക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നൽകി. നാളെ വൈകീട്ട് നാലു മണിക്ക് മന്ത്രിയായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ പ്രത്യേക ഓഡിറ്റോറിയത്തില്‍ വെച്ചാകും സത്യപ്രതിജ്ഞ നടക്കുക.

സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ഗവര്‍ണര്‍ വീണ്ടും നിയമോപദേശം തേടിയിരുന്നു. അറ്റോര്‍ണി ജനറല്‍ വെങ്കടരമണിയോടാണ് നിയമോപദേശം തേടിയത്. നിയമപരവും ഭരണഘടനാപരവുമായ വശങ്ങളാണ് ഗവര്‍ണര്‍ എജിയോട് ചോദിച്ചത്.ഭരണഘടനാ അവഹേളനം നടത്തിയ ആളെ മന്ത്രിയാക്കുന്നത് നിയമപരമാകുമോ? എന്ന് ചോദിച്ചിട്ടുണ്ട്. കൂടുതല്‍ നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കാനാണ് ഗവര്‍ണറുടെ തീരുമാനമെന്നാണ് സൂചന.  

മുഖ്യമന്ത്രിയുടെ ആവശ്യം കണക്കിലെടുത്തു മാത്രം സത്യപ്രതിജ്ഞയ്ക്ക് മുതിരരുതെന്ന് ഇന്നലെ ലീഗല്‍ അഡ്വൈസർ നിയമോപദേശം നല്‍കിയിരുന്നു. മന്ത്രിസ്ഥാനത്തേയ്ക്കു തിരിച്ചെത്തുമ്പോൾ സജി ചെറിയാൻ മുൻപ് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരികം, യുവജനക്ഷേമം, എന്നീ വകുപ്പുകൾ തന്നെ അദ്ദേഹത്തിനു ലഭിക്കുമെന്നാണ് സൂചന