കടലൂർ : പുതുവത്സരാഘോഷത്തിനിടെ മദ്യലഹരിയിൽ വിഷപാമ്പിനെപ്പിടിച്ച് നൃത്തം ചെയ്‌ത യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ കടലൂർ സ്വദേശി മണികണ്ഠനാണ് മരിച്ചത്.  

പുതുവത്സരാഘോഷത്തിനിടെ മണികണ്ഠൻ സമീപത്തെ കുറ്റിക്കാട്ടിൽ ഇഴയുന്ന പാമ്പിനെ പിടികൂടി. മറ്റുള്ളവർ പാമ്പിനെ പിടിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും മദ്യലഹരിയിൽ മണികണ്ഠൻ പാമ്പിനെ കാണിച്ച് ചുറ്റും കൂടിനിന്ന ജനക്കൂട്ടത്തെ ഭയപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടയിൽ പാമ്പ് മണികണ്ഠൻ്റെ കയ്യിൽ കടിച്ചു. കയ്യിൽ കടിച്ചശേഷവും പുതുവത്സര സമ്മാനം എന്ന് വിളിച്ച് പാമ്പിനെ ഉയർത്തി പിടിച്ചു.

എന്നാൽ പെട്ടെന്ന് മണികണ്ഠൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടറെ കാണിക്കാൻ പാമ്പിനെ ചാക്കിൽ നിന്ന് പുറത്തെടുക്കാൻ ശ്രമിക്കവേ സുഹൃത്ത് കബിലനും കടിയേറ്റു. കബിലൻ കടലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.