സാൻഫ്രാൻസിസ്കോയിലെ ഓഫീസ്‌ കെട്ടിടത്തിന് വാടക നൽകുന്നതിൽ വീഴ്‌ച വരുത്തിയതോടെ ട്വിറ്ററിനെതിരെ കേസ്. കോടതി ഫയലിംഗുകൾ ആക്‌സസ് ചെയ്‌ത സിബിഎസ് ന്യൂസ് അനുസരിച്ച്, ട്വിറ്റർ 136,260 ഡോളർ (ഏകദേശം 1.12 കോടി രൂപ) വരുന്ന വാടക തുക നൽകാത്തതിന്റെ പേരിൽ ഹാർട്ട്‌ഫോർഡ് ബിൽഡിംഗിന്റെ ഉടമ കോടതിയെ സമീപിക്കുകയായിരുന്നു.

നിലവിൽ കെട്ടിടത്തിന്റെ 30-ാം നിലയിലാണ് സോഷ്യൽ മീഡിയ കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. 2017ൽ ഓഫീസ് സ്ഥലത്തിനായി ട്വിറ്റർ ഏഴ് വർഷത്തെ കരാർ ഒപ്പിട്ടതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ട്വിറ്റർ തങ്ങളുടെ ആഗോള ഓഫീസുകളുടെ വാടക ആഴ്‌ചകളായി അടച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. നഗരത്തിലെ സിവിക് സെന്റർ ഏരിയയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനവും ഇതിൽ ഉൾപ്പെടുന്നു. 

കൗതുകകരമെന്നു പറയട്ടെ ട്വിറ്ററിന്റെ വർക്ക് ഫ്രം ഹോം നയം കാരണം ഈ ഓഫീസുകളിൽ ഭൂരിഭാഗവും പൂട്ടുകയോ ഒഴിഞ്ഞുകിടക്കുകയോ ചെയ്യുകയാണ്. എന്നാൽ ഒക്‌ടോബർ അവസാനം ഇലോൺ മസ്‌ക് ഏറ്റെടുത്തതിനെത്തുടർന്ന്, ഈ നയം ഒഴിവാക്കുക മാത്രമല്ല, പ്ലാറ്റ്‌ഫോമിന്റെ ഉപയോക്തൃ അടിത്തറയും വരുമാനവും വർദ്ധിപ്പിക്കുന്നതിന് കമ്പനി കർശനമായ തൊഴിൽ നിയമങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു.

മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഒക്ടോബറിൽ രണ്ട് ചാർട്ടർ ഫ്ലൈറ്റുകൾക്ക് വാടക നൽകിയിട്ടില്ലെന്ന് ആരോപിച്ച് ജെറ്റ് സർവീസസ് ഗ്രൂപ്പിൽ നിന്ന് ട്വിറ്റർ മറ്റൊരു കേസും നേരിടുന്നുണ്ട്. ഏതാണ്ട് 197,725 ഡോളർ (ഏകദേശം 1.63 കോടി രൂപ) അടയ്ക്കാനുണ്ടെന്ന് കഴിഞ്ഞ മാസം ന്യൂ ഹാംഷെയർ ഡിസ്ട്രിക്റ്റ് കോടതിയിൽ ഫയൽ ചെയ്‌ത കേസിൽ പറയുന്നു.

ട്വിറ്ററിന്റെ മുൻ മേധാവികൾ ചില മോശം ബിസിനസ് തിരഞ്ഞെടുപ്പുകൾ നടത്തിയെന്നും, കമ്പനിക്ക് ലാഭത്തേക്കാൾ കൂടുതൽ പണം നഷ്‌ടപ്പെടുന്നുണ്ടെന്നും ഇലോൺ മസ്‌ക് ആവർത്തിച്ച് പറയുകയാണ്. നവംബറിൽ ട്വിറ്റർ ജീവനക്കാർക്ക് 32,000 രൂപയുടെ ഉച്ചഭക്ഷണം നൽകിയതായി മസ്‌ക് പറഞ്ഞു. എന്നാൽ മസ്‌ക് കള്ളം പറയുകയാണെന്ന് ഒരു മുൻ ജീവനക്കാരൻ ആരോപിച്ചിരുന്നു.

കൂടുതൽ ചെലവ് ലാഭിക്കുന്നതിന് ട്വിറ്റർ അതിന്റെ ആഗോള തൊഴിലാളികളുടെ എണ്ണത്തിൽ പകുതിയിലധികം പേരെ പിരിച്ചുവിട്ടു. കമ്പനിയിൽ നിലവിൽ 2700ഓളം ജീവനക്കാരാണുള്ളത്. സെപ്റ്റംബർ അവസാനം വരെ കമ്പനിയിൽ ഏകദേശം 7500 ജീവനക്കാരുണ്ടായിരുന്നു. ക്ലീനിങ് ജീവനക്കാരെ ഉൾപ്പെടെ പുറത്താക്കിയത് വഴി ട്വിറ്റർ ഓഫീസുകളിൽ ടോയ്‌ലറ്റ് പേപ്പർ ഉൾപ്പെടെയുള്ള ബാത്ത്‌റൂം സാധനങ്ങൾ പോലും സ്വന്തമായി കൊണ്ടുവരാൻ ജീവനക്കാർ നിർബന്ധിതരാവുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.