ടാറ്റ ഗ്രൂപ്പിലെ മുൻ നിരക്കാരിൽ ഒരാളും രത്തൻ ടാറ്റയുടെ വിശ്വസ്‌തനുമായിരുന്ന ആർകെ കൃഷ്‌ണകുമാർ അന്തരിച്ചു. ഹോസ്‌പിറ്റാലിറ്റി വിഭാഗമായ ഇന്ത്യൻ ഹോട്ടൽസിന്റെ തലപ്പത്ത് ഉൾപ്പെടെ ടാറ്റ ഗ്രൂപ്പിൽ ഒന്നിലധികം സ്ഥാനങ്ങളിൽ സേവനമനുഷ്‌ഠിച്ചിട്ടുള്ള വ്യക്തിയാണ് മലയാളി കൂടിയായ കൃഷ്‌ണകുമാർ. 84 വയസായിരുന്നു. 

മുംബൈയിലെ വസതിയിൽ വച്ച് ഞായറാഴ്‌ച വൈകീട്ടാണ് കൃഷ്‌ണകുമാറിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ടാറ്റ ഗ്രൂപ്പിന് കൃഷ്‌ണകുമാർ നൽകിയസംഭാവനകൾ ഓർത്തെടുത്ത ടാറ്റ സൺസിന്റെ നിലവിലെ ചെയർമാൻ എൻ ചന്ദ്രശേഖരൻ അനുശോചനം രേഖപ്പെടുത്തി.

“അദ്ദേഹത്തെ അറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി, ഒരു മനുഷ്യനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അഗാധമായ അനുകമ്പയാണ് ശ്രദ്ധേയമായത്. അർഹതയുള്ളവരെ സഹായിക്കാനും അവരുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാനും അദ്ദേഹം എപ്പോഴും ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ആത്മാവിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു” പ്രസ്‌താവനയിൽ പറയുന്നു.

കേരളവുമായി ടാറ്റ ഗ്രൂപ്പിന്റെ ബന്ധം ദൃഢമാക്കാൻ കൃഷ്‌ണകുമാർ എപ്പോഴും ശ്രമിച്ചുവെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിലൂടെ അറിയിച്ചു. കൃഷ്‌ണകുമാറിന്റെ കുടുംബത്തിന് അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്‌തു. 

എക്‌സിക്യൂട്ടീവ് റോളുകളിൽ നിന്ന് വിരമിച്ചതിന് ശേഷം ടാറ്റ ട്രസ്‌റ്റിൽ സജീവ സാന്നിധ്യമായിരുന്നു കൃഷ്‌ണകുമാർ. നേരത്തെ സൈറസ് മിസ്ത്രിയെ പുറത്താക്കിയ സമയത്ത് രത്തൻ ടാറ്റയ്‌ക്കൊപ്പം പ്രവർത്തിച്ച ടീമിന്റെ ഭാഗമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.