മെക്സിക്കോയിലെ  ജുവാരസ് ജയിലില്‍ വെടിവെയ്പ്പ്. ആക്രമണത്തില്‍ 14 പേര്‍ മരണപ്പെട്ടു. 10 സുരക്ഷാ ഉദ്യോഗസ്ഥരും നാല് അന്തേവാസികളുമാണ് മരണപ്പെട്ടതെന്ന്  മെക്‌സിക്കന്‍ അധികൃതര്‍ അറിയിച്ചു. വെടിവെയ്പ്പില്‍ 13 പേര്‍ക്ക് പരിക്കേറ്റു,  24 തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. 

ഇന്നലെ, പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെ ആയുധങ്ങളുമായി എത്തിയ അക്രമികള്‍ ജയിലിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പ്രോസിക്യൂട്ടര്‍ പറഞ്ഞു. മെക്സിക്കന്‍ പട്ടാളവും സംസ്ഥാന പോലീസും ചേര്‍ന്ന് പിന്നീട് ജയില്‍ നിയന്ത്രണം തിരിച്ചുപിടിച്ചു.ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിവരികയാണെന്നും സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസ് അറിയിച്ചു.

മെക്‌സിക്കന്‍ ജയിലുകളില്‍ നേരത്തെയും നിരവധി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജുവാരസ് പോലുള്ള സ്ഥലങ്ങളില്‍ അന്തേവാസികള്‍ക്കിടയില്‍ പതിവായി ഏറ്റുമുട്ടലുകള്‍ ഉണ്ടാകാറുണ്ട്. ജയിലിനുനേരെയുള്ള ആക്രമണത്തിന് തൊട്ടുമുമ്പ്, മുനിസിപ്പല്‍ പോലീസ് ആക്രമിക്കപ്പെട്ടെന്നും ഇതില്‍ നാല് പേരെ പിടികൂടിയെന്നും സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.