ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി ചൈനയില്‍ രോഗം ബാധിച്ച് മരിച്ചു. തമിഴ്‌നാട് സ്വദേശി അബ്ദുള്‍ ഷെയ്ഖ് (22) ആണ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ കുടുംബം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ചൈനയില്‍ മെഡിസിന് പഠിക്കുകയായിരുന്ന അബ്ദുള്‍ ഷെയ്ഖ് കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ 11 നാണ് ഇന്റേണ്‍ഷിപ്പിനായി വീണ്ടും ചൈനയിലേക്ക് മടങ്ങിയത്.ക്വിഖിഹാര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് അബ്ദുള്‍ ഷെയ്ഖ് പഠിച്ചിരുന്നത്. എട്ടു ദിവസത്തെ പ്രോട്ടോക്കോള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇന്റേണ്‍ഷിപ്പിനായി പോയത്. എന്നാല്‍ പെട്ടന്ന് രോഗം ബാധിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് അന്ത്യകര്‍മങ്ങള്‍ നടത്താന്‍ സഹായിക്കണമെന്ന് അബ്ദുള്‍ ഷെയ്ഖിന്റെ ബന്ധുക്കള്‍ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.