ഓസ്ട്രേലിയയില്‍ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം. നാല് പേര്‍ തല്‍ക്ഷണം മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഗോള്‍ഡ് കോസ്റ്റിലെ വടക്കന്‍ ബീച്ചിലെ സീ വേള്‍ഡ് തീം പാര്‍ക്കിന് സമീപമായിരുന്നു സംഭവം. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഒരു ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുകയും മറ്റൊന്ന് ലാന്‍ഡിംഗ് നടത്തുന്നതിനും ഇടയിലാണ് അപകടം.

ഒരു ഹെലികോപ്റ്റര്‍ സുരക്ഷിതമായി ഒരു മണല്‍ത്തീരത്ത് ഇറക്കി. എന്നാല്‍ രണ്ടാമത്തെ ഹെലികോപ്റ്റര്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ചവരും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും തകര്‍ന്ന ഹെലികോപ്റ്ററിലെ യാത്രക്കാരാണ്. സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഒരു ഹെലികോപ്റ്ററിന്റെ വിന്‍ഡ്‌സ്്ക്രീന്‍ തകര്‍ന്നിരുന്നു. ഇതിലെ യാത്രക്കാര്‍ക്കും വൈദ്യസഹായം നല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു ഹെലികോപ്റ്റര്‍ പറന്നുയര്‍ന്ന് ബീച്ചിന് മുകളില്‍ കൂടി പറന്ന മറ്റൊരു ഹെലികോപ്റ്ററില്‍ ഇടിക്കുന്നതായി ഇതില്‍ വ്യക്തമാണ്. 

സംഭവത്തില്‍ തീം പാര്‍ക്കിലെ ഹെലികോപ്റ്റര്‍ സര്‍വീസ് കമ്പനിയായ സീ വേള്‍ഡ് ഹെലികോപ്‌റ്റേഴ്‌സ് അനുശോചിച്ചു. അപകടവുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും കമ്പനി  അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകളും കമ്പനിയുടേതാണോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പ്രതികരണത്തിനില്ല എന്നാണ് കമ്പനിയുടെ നിലപാട്.