കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ അതിക്രമം നടത്തിയവര്‍ക്കൊപ്പം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രിസ്മസ് ആഘോഷം നടത്തിയത് അപലപനീയമാണെന്ന് എറണാകുളം അങ്കമാലി അതിരൂപത വൈദികരുടെ പ്രമേയം. കര്‍ദിനാള്‍ മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനം രാജിവയ്ക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ഇന്നലെ ആര്‍ച്ച്ബിഷപ് ഹൗസില്‍ ചേര്‍ന്ന വൈദികരുടെ യോഗത്തിലാണ് പ്രമേയം പാസാക്കിയത്.

”ഡിസംബര്‍ 23, 24 തീയതികളില്‍ അതിരൂപതയുടെ ആസ്ഥാന ദേവാലയം സെന്റ് മേരീസ് കത്തീദ്രല്‍ ബസിലിക്കയിലെ ആള്‍ത്താരയില്‍ അതിക്രമിച്ചു കയറി പരിശുദ്ധ കുര്‍ബാനയെ അവഹേളിക്കുകയും വിശുദ്ധമായ ബലിപീഠം തട്ടിമറിക്കുകയും വിശുദ്ധ വസ്തുക്കള്‍ അശുദ്ധമാക്കുകയും ചെയ്തത് എംടിഎന്‍എസ് എന്ന മാര്‍ത്തോമ നസ്രാണി സംഘാംഗങ്ങളാണ്. 2022 നവംബര്‍ 27 -ാം തീയതി ആര്‍ച്ചുബിഷപ്‌സ് ഹൗസില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടതും ഇതേ വ്യക്തികളായിരുന്നു. എന്നിട്ടും ക്രിസ്മസ് രാവില്‍ സീറോ മലബാര്‍ സഭയുടെ കൂരിയാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസ്സില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയില്‍ ഇവരെ പങ്കെടുപ്പിച്ചതിനെയും പരിശുദ്ധ കുര്‍ബാനയെ മ്ലേച്ഛമാക്കിയവരുമൊത്ത് കര്‍ദിനാള്‍ ആലഞ്ചേരി ക്രിസ്മസ് കേക്ക് മുറിച്ചതിനെയും ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ബസിലിക്ക ദേവാലയത്തിന്റെ അള്‍ത്താരയെ മ്ലേച്ഛമാക്കി സഭാ നിയമങ്ങള്‍ ലംഘിച്ചവരെ ചുവപ്പു പരവതാനി വിരിച്ചു സ്വീകിരിക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ് പൊതുസമൂഹത്തിന് ഉതപ്പാണ് നല്കുന്നത്.

തുടരെത്തുടരെയുള്ള ഉതപ്പുകളാല്‍ സീറോ മലബാര്‍ സഭയുടെ അന്തസ്സും അഭിമാനവും നശിപ്പിക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ്പ് രാജിവച്ച് പുറത്തുപോകാനും അതുവഴി സീറോ മലബാര്‍ സഭയെ രക്ഷിക്കാനും വേണ്ട നടപടികള്‍ അടുത്തു കൂടുന്ന സിനഡ് കൈകൊള്ളണമെന്ന് വൈദികര്‍ ഒന്നടങ്കം അഭ്യര്‍ത്ഥിച്ചു.

സഭയുടെ നിയമമനുസരിച്ച് ബസിലിക്കയില്‍ മാര്‍ത്തോമ്മ അക്രമികള്‍ ചെയ്തത് മാരകമായ പാപമാണ്. സഭയുടെ കാനന്‍ നിയമമനുസരിച്ച് ഇവര്‍ക്കെതിരെ അന്വേഷണം നടത്തി തക്കതായ ശിക്ഷ നല്‌കേണ്ടതാണ്. അതിനു പകരം അവരെ ചേര്‍ത്തുപിടിച്ച് അവര്‍ ചെയ്ത കാര്യങ്ങളെ അംഗീകരിക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ് സഭയുടെ കാനന്‍ നിയമങ്ങളെയും ധാര്‍മിക മൂല്യങ്ങളെയുമാണ് ലംഘിക്കുന്നത്. ഇത്തരം അക്രമികളെ ഉപയോഗിച്ച് ഏതുവിധേനയും തങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ മേല്‍ അടിച്ചേല്പിക്കാനുള്ള നിഗൂഢനീക്കങ്ങള്‍ നടത്തുന്നതിന്റെ പുറകിലുള്ള കരങ്ങള്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്റേയും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്തിന്റെയുമാണെന്ന സത്യമാണ് ഇത്തരം പ്രവൃത്തികള്‍ തെളിയിക്കുന്നത്. തങ്ങളുടെ അമ്മ ദേവാലയമായ ബസിലിക്കയില്‍ നടത്തിയ അക്രമണങ്ങള്‍ക്കെതിരെ ഫൊറോന തലത്തിലും മറ്റും പ്രതിഷേധ റാലികളും പരിഹാര പദയാത്രകളും നടത്തുമെന്നും ബസിലിക്കയില്‍ നടന്ന അതിക്രമങ്ങളുടെ യഥാര്‍ത്ഥ്യം അതിരൂപതയിലെ ഇടവക ജനങ്ങളെ അറിയിക്കുമെന്നും അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ.സെബാസ്റ്റിയന്‍ തളിയന്‍ പ്രഖ്യാപിച്ചതായി പി.ആര്‍.ഒ ഫാ. ജോസ് വൈലികോടത്ത് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.