അമരാവതി(ഹൈദരാബാദ്): രാജ്യത്തെ കോടതികളിൽ അഭിഭാഷകരെ ലഭിക്കാതെ 63 ലക്ഷത്തിലധികം കേസുകളും രേഖകൾ ലഭിക്കാതെ 14 ലക്ഷത്തിലധികം കേസുകളും വൈകുന്നതായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. അമരാവതിയിൽ ആന്ധ്രപ്രദേശ് ജുഡീഷ്യൽ അക്കാദമി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാഷനൽ ജുഡീഷ്യൽ ഡേറ്റ ഗ്രിഡിന്‍റെ വിവരങ്ങൾ അനുസരിച്ചുള്ള കണക്കാണിത്. ഇത്തരം കാര്യങ്ങൾ കോടതിയുടെ നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല കോടതികൾ ജുഡീഷ്യറിയുടെ നട്ടെല്ല് മാത്രമല്ല, നിരവധി പേർക്ക് നീതിന്യായ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനുള്ള ആദ്യ മാർഗംകൂടിയാണ്.ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ ഏറ്റവും അടിസ്ഥാന ചട്ടങ്ങളിലൊന്ന്, ജാമ്യമാണെന്നും ജയിലല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നിട്ടും ഇന്ത്യയിലെ ജയിലുകളിൽ കഴിയുന്ന വിചാരണ തടവുകാരുടെ എണ്ണം വർധിക്കുന്നത് വിരോധാഭാസവും സ്വാതന്ത്ര്യം ഹനിക്കലുമാണ്. ആദ്യഘട്ടത്തിൽ മുൻകൂർ ജാമ്യമോ സാധാരണ ജാമ്യമോ നൽകുന്നത് ഉന്നതതലത്തിൽ എങ്ങനെ വിലയിരുത്തപ്പെടുമെന്ന ഭയം കോടതികൾക്കിടയിലുണ്ടെന്നും അത് യുക്തിരഹിതമല്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.