അഹമ്മദാബാദ്:  ഗുജറാത്തിൽ ബസും കാറും കൂട്ടിയിടിച്ച് 9 പേർ മരിച്ചു. 28 പേർക്കു പരുക്കേറ്റു. ഗുജറാത്തിലെ നവ്സാരി ജില്ലയിലെ ദേശീയപാതയിലാണ് അപകടം. വാഹനം ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതാണ് അപകടത്തിനുകാരണം.

സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസിലെ ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ്, എതിർദിശയിൽനിന്നു വരികയായിരുന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഹൃദയാഘാതം സംഭവിച്ച ഡ്രൈവറെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരിച്ചവരിൽ 8 പേരും കാറിൽ യാത്ര ചെയ്‌തവരും. പരുക്കേറ്റവരെല്ലാം ബസിലെ യാത്രക്കാരുമാണ്. പരിക്കേറ്റവരിൽ 11 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. വൽസാദിൽനിന്ന് സ്വദേശത്തേക്കു മടങ്ങുന്ന ഗുജറാത്തിലെ അംകലേശ്വർ സ്വദേശികളാണ് മരിച്ചവർ. വൽസാദ് സ്വദേശികളാണ് ബസ് യാത്രക്കാരിൽ ഏറെയും

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അപകടത്തിന് ഇടയാക്കിയ ബസ് ഹൈവേയിൽനിന്ന് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ അനുശോചിച്ചു.