തിരുവനന്തപുരം: ടൈറ്റാനിയം തൊഴില്‍ തട്ടിപ്പുക്കേസിലെ മുഖ്യപ്രതി ശ്യാംലാല്‍അന്വേഷണ സംഘത്തിന്റെ പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് പ്രത്യേക അന്വേഷണ സംഘം ശ്യാംലാലിനെ പിടികൂടിയത്. ഉദ്യോഗാര്‍ഥികളെ ടൈറ്റാനിയത്തില്‍ അഭിമുഖത്തിനായി എത്തിച്ചത് ശ്യാംലാല്‍ ആണ്. ജോലി തട്ടിപ്പുമായി രജിസ്റ്റര്‍ ചെയ്ത 14 കേസിലും ശ്യാംലാല്‍ പ്രതിയാണ്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ ദിവസം തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനായ കമ്പനി ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പി ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കൊപ്പം ശ്യാംലാലും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി ജനുവരി അഞ്ചിലേക്ക് മാറ്റി. 

കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യ നായരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരന്‍ അഭിലാഷും പിടിയിലിരുന്നു. ഇവര്‍ പിടിയിലായതോടെ മറ്റ് പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. ടൈറ്റാനിയത്തില്‍ ജോലി നല്‍കാമെന്ന പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തു എന്ന ഉദ്യോഗാര്‍ത്ഥിയുടെ പരാതിയില്‍ വെഞ്ഞാറമൂട് പോലീസാണ് കഴിഞ്ഞ മാസം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിലെത്തിയായിരുന്നു കസ്റ്റഡിയിലെടുത്തത്. ദിവ്യയുടെ ഭര്‍ത്താവ് രാജേഷും കേസില്‍ പ്രതിയാണ്. മാസം 75000 രൂപ ശമ്പളത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.

പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് പോലീസിനെ സമീപിച്ചത്. 2018 മുതല്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ടെറ്റാനിയത്തില്‍ ഒഴിവുകള്‍ ഉണ്ടെന്ന് അറിയിച്ച് പോസ്റ്റുകള്‍ ഇടും. പോസ്റ്റില്‍ വിവരങ്ങള്‍ തേടി വരുന്നവര്‍ക്ക് ഇന്‍ബോക്സില്‍ മറുപടി നല്‍കും. കൂടാതെ പണവും ആവശ്യപ്പെടുന്നതായിരുന്നു ഇവരുടെ രീതി.