ഭാരത് ജോഡോ യാത്രയ്ക്ക് കോടികൾ ചിലവഴിക്കുന്നു എന്ന ആരോപണം ഒരുവശത്ത് ഉയർന്നു നിൽക്കുമ്പോഴും കോൺഗ്രസ് പാർട്ടിക്കുള്ളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ടുകൾ. ദെെനംദിന ചിലവുകൾകളിൽ മിതത്വം പാലിക്കണമെന്ന നിർദ്ദേശമാണ് പാർട്ടി നേതൃസ്ഥാനത്തു നിന്നും ലഭിച്ചിരിക്കുന്നത്. 2024 ൽ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നില്‍ കണ്ടുകൊണ്ടന് കോണ്‍ഗ്രസ് ചിലവ് ചുരുക്കല്‍ നടപടികളിലേക്ക് കടന്നിട്ടുള്ളതെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിലവ് ചുരുക്കലിൻ്റെ ഭാഗമായി നിരവധി നിർദ്ദേശങ്ങളാണ് സംസ്ഥാന നേതൃത്വം മുന്നോട്ടു വച്ചിരിക്കുന്നത്. കേന്ദ്ര നേതൃത്വത്തിൻ്റെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാന നേതൃത്വം ചിലവ് ചുരുക്കൽ നടപടികളിലേക്ക് കടന്നിരിക്കുന്നത്. 

സാമ്പതതികമായി വലിയ പ്രതിസന്ധിയാണ് കോൺഗ്രസ് നേതൃത്വം നിലവിൽ നേരിടുന്നത്. അതിൻ്റെ ഭാഗമായാണ് ചിലവ് ചുരുക്കാനുള്ള നിർദ്ദേശവും ലഭിച്ചിരിക്കുന്നത്. കോൺകഗ്രസ് നേതാക്കൾ ഇനിമുതൽ 1400 കിലോമീറ്റര്‍വരെ തീവണ്ടിയില്‍ യാത്ര ചെയ്യണമെന്നാണ് നിർദ്ദേശമുള്ളത്. മാത്രമല്ല എംപിമാര്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തണമെന്നും കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ വീണ്ടും സാമ്പത്തിക സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കരുതെന്നുള്ള നിർദ്ദേശവും ദേശീയ നേതൃത്വം പ്രത്യേകം നൽകിയിട്ടുണ്ട്. 

സംസ്ഥാനങ്ങളിലെ ഭരണങ്ങൾ ഒന്നൊന്നായി നഷ്ടപ്പെട്ടതോടെ പാർട്ടിക്കു ലഭിച്ചിരുന്ന ഫണ്ടിംഗിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യവ്യാപകമായി രാഷ്ട്രീയമായി പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിനിടയിലാണ് ഫണ്ടിങ്ങിലെ കുറവുമൂലം സാമ്പത്തികമയും വലിയ പ്രതിസന്ധി കോൺഗ്രസിനെ തേടിയെത്തിയത്. നിലവിൽ ലഭ്യമാകുന്ന സംഭാവനയില്‍ ഉണ്ടായ കുറവാണ് ഇതിന് പ്രധാന കാരണം. ദേശീയ തലത്തിൽ 2020-21 കാലത്ത് പാര്‍ട്ടിക്ക് ലഭിച്ച സംഭാവന 285.76 കോടി രൂപയായിരുന്നു. എന്നാൽ മുന്‍വര്‍ഷം അത് 682.21 കോടിയും 2018-19 കാലത്ത് 918.03 കോടിയും ആയിരുന്നു എന്നുള്ളതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വർഷാവർഷം കോൺഗ്രസ് പാർട്ടി ജനപ്രീതിയുടെ കാര്യത്തിലും സാമ്പത്തികമായും താഴേക്കിറങ്ങുന്ന കാഴ്ചകളാണ് കാണാൻ സാധിക്കുന്നതും. 

ചിലവ് ചുരുക്കുന്നതിൻ്റെ ഭാഗമായുള്ള കോൺഗ്രസിൻ്റെ പുതിയ തീരുമാന പ്രകാരം പാര്‍ട്ടിയുടെ സെക്രട്ടറിമാര്‍ക്ക് വിമാനയാത്ര ഇനി മാസത്തില്‍ രണ്ട് തവണ മാത്രമാകും ലഭിക്കുക. ബാക്കി സമയങ്ങളിൽ നേതാക്കൾ ട്രയിനിൽ യാത്ര ചെയ്യണം. ഇതോടൊപ്പം സേവാദളിൻ്റെ മാസബജറ്റിലും കുറവ് വരുത്തിയിട്ടുണ്ട്. രണ്ടരലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷമാക്കിയാണ് ബജറ്റിൽ കുറവ് വരുത്തിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനത്തിന് എംപിമാരോട് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാണ് കോൺഗ്രസ് നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം എംപിമാര്‍ 50,000 രൂപ ലെവിയും 20,000 രൂപ ഓഫിസ് ആവശ്യങ്ങള്‍ക്കും നല്‍കുന്നത് തുടരണമെന്നും പാർട്ടി പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച തിരഞ്ഞെടുപ്പ് സംഭാവന കണക്കുകൾ നേരത്തെ പുറത്തു വന്നിരുന്നു. ഈ കണക്കുകളിൽ വളരെ മുന്നിലായി സ്ഥാനം പിടിച്ചിരിക്കുന്നത് ഭരിക്കുന്ന പാർട്ടിയായ സിപിഎം ആയിരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു പാർട്ടികൾ നൽകിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കണക്കനുസരിച്ച് രാജ്യത്ത് ബിജെപിക്ക് 614 കോടിയും കോൺഗ്രസിന് 95 കോടിയുമാണു കഴിഞ്ഞവർഷം‌ സംഭാവനയായി ലഭിച്ചത്. ഈ കണക്കിലും കോൺഗ്രസ് പിന്നിലേക്ക് പോകുന്ന കാഴ്ചകളാണ് കാണാൻ കഴിഞ്ഞത്. 

ബിജെപിയെ എന്നും പടിക്കു പുറത്തു നിർത്തിയിട്ടുള്ള കേരളത്തിൽപ്പോലും ബിജെപിക്ക് മുന്നിലെത്താൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല. പുറത്തു വന്ന കണക്കുകൾ പ്രകാരം ബിജെപിക്ക് കേരളത്തിൽനിന്നു ലഭിച്ചത് 3.4 കോടിയാണ്. സംഭാവനപ്പട്ടികയിലുള്ള 27 പേരുകളിൽ ഒരാൾ ഒരു കോടി രൂപയാണ് നൽകിയിരിക്കുന്നത്. രണ്ട് ജ്വല്ലറികളും ഒരു ധനകാര്യസ്ഥാപനവും അരക്കോടി വീതവും ബിജെപിക്ക് നൽകിയിട്ടുണ്ട്. അതേസമയം ബിജെപിക്ക് ലഭിച്ചതിൻ്റെ പകുതി മാത്രമാണ് കോൺഗ്രസിന് സംഭാവനയായി ലഭിച്ചിട്ടുള്ളത്. 1.58 കോടിയാണ് കോൺഗ്രസിനു കേരളത്തിൽനിന്ന് ലഭിച്ചത്. അധ്യാപക സംഘടനകളും ജ്വല്ലറികളും ധനകാര്യ സ്ഥാപനങ്ങളും കോൺഗ്രസിന് സംഭാവന നൽകിയാവരിൽ ഉൾപ്പെടുന്നു.  20 പേരുകളാണു കോൺഗ്രസിൻ്റെ  സംഭാവനപ്പട്ടികയിലുള്ളത്. ഇതിനിടയിൽ ഒരു ധനകാര്യ സ്ഥാപനം കോൺഗ്രസിന് അരക്കോടി നൽകിയിട്ടുണ്ട്.

20,000 രൂപയിൽ കൂടുതൽ സംഭാവന ചെക്കായോ ഓൺലൈനായോ കൈമാറിയവരുടേതാണു പട്ടിക. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് പാർട്ടികൾ എല്ലാ വർഷവും കമ്മിഷനു കണക്കു നൽ‍കുന്നത്. സിപിഎമ്മിന് വിവിധ സംസ്ഥാനങ്ങളിൽനിന്നായി 10 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. പാർട്ടി നേതാക്കളുൾപ്പെടെ 535 വ്യക്തികളും സ്ഥാപനങ്ങളും സംഭാവന നൽകിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. അരക്കോടിയിലേറെ രൂപ ക്വാറി ഉടമകളിൽനിന്നു മാത്രം ലഭിച്ചിട്ടുണ്ട്. സമുദ്രോൽപന്ന മേഖലയിലെ 9 സ്ഥാപനങ്ങളും സംഭാവന നൽകി. സ്വർണ വ്യാപാര മേഖലയിലുള്ള സ്ഥാപനം വിവിധ പേരുകളിൽ പാർട്ടിക്ക് 2.2 കോടിയും കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനം അരക്കോടിയും നൽകി. സംഭാവന നൽകിയവരിൽ മുന്നൂറും തെലങ്കാനയിൽനിന്നാണ്. അൻപതോളം ത്രിപുരയിൽ നിന്നും രണ്ടെണ്ണം ബംഗാളിൽനിന്നുമാണ്. 

2020–21 ൽ പാർട്ടിക്ക് 12 കോടിയാണു സംഭാവനയായി ലഭിച്ചത്. അന്നു കേരളത്തിൽനിന്നു സംഭാവന നൽകിയതിൽ കൂടുതലും കെട്ടിട നിർമാണ മേഖലയിലെ സ്ഥാപനങ്ങളായിരുന്നു; ഒരു സ്ഥാപനം തന്നെ അന്ന് നാല് കോടി നൽകിയിരുന്നതായി വാർത്തകളുണ്ടായിരുന്നു.