മാതാവ് ഹീരാബെന്‍ മോദിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീണ്ടും ഔദ്യോഗിക പരിപാടികള്‍ ആരംഭിച്ച പ്രധാനമന്ത്രിയെ ഉപദേശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘നിങ്ങളുടെ അമ്മ ഞങ്ങളുടെയും അമ്മയാണ്. കുറച്ച് വിശ്രമിക്കൂ. നിങ്ങളുടെ അമ്മയുടെ മരണത്തില്‍ എങ്ങനെ അനുശോചിക്കണം എന്ന് എനിക്കറിയില്ല. നിങ്ങളുടെ അമ്മ ഞങ്ങളുടെയും അമ്മയായിരുന്നു. ഞാന്‍ എന്റെ അമ്മയേയും ഓര്‍ത്തുവെന്നും മമതാ ബാനര്‍ജി പറഞ്ഞു. പശ്ചിമ ബംഗാളിലെ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് മമത പ്രധാനമന്ത്രിയെ ഉപദേശിച്ചത്.

എന്നാല്‍, പരിപാടിക്കിടെ സദസില്‍ നിന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചത് മമതയെ അസ്വസ്ഥയാക്കി. ഹൗറയെയും ന്യൂ ജല്‍പയ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങിനിടെയാണ് മുഖ്യമന്ത്രി പ്രതിഷേധിച്ച് വേദിയില്‍ കയറാതിരുന്നത്.
പരിപാടിയുടെ വേദിയില്‍ കയറാന്‍ കൂട്ടാക്കാതെ മുഖ്യമന്ത്രി സദസിലിരുന്നു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മമത വഴങ്ങിയില്ല. തുടര്‍ന്ന് വേദിക്ക് അരികില്‍ നിന്നാണ് അവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തത്.

മാതാവ് അന്തരിച്ചെങ്കിലും നേരത്തെ ചാര്‍ട്ട് ചെയ്തിരുന്ന ചടങ്ങുകള്‍ ഒന്നും നരേന്ദ്ര മോദി മുടക്കം വരുത്തിയില്ല. നിശ്ചയിച്ച പ്രകാരം രാവിലെ 11.30ന് പശ്ചിമബംഗാളിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഓണ്‍ലൈനായാണ് അദേഹം ഉദ്ഘാടനം ചെയ്തത്. ഏറ്റവും തിരക്കേറിയ റൂട്ടായ ഹൗറ-ന്യൂ ജല്‍പായ്ഗുരി റൂട്ടിലായിരിക്കും വന്ദേ ഭാരത് സര്‍വീസ് നടത്തുക.വന്ദേമാതരം എന്ന വാക്കുകള്‍ പിറന്ന നാടിന് കേന്ദ്ര സര്‍ക്കാരിന്റെ സമ്മാനമാണ് വന്ദേഭാരതെന്ന് പ്രധാനമന്ത്രി പറഞ്ഞു.