കൊല്‍ക്കത്ത: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനവേളയില്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങളോടെ സ്വാഗതം ചെയ്തതില്‍ പ്രകോപിതയായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിഷേധസൂചകമായി ഹൗറ സ്റ്റേഷനിലെ വേദിയില്‍ കയറാന്‍ വിസമ്മതിച്ച മമത, സമീപത്തുണ്ടായിരുന്ന കസേരയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇരുന്നു.

സംഭവം ചടങ്ങില്‍ സന്നിഹിതരായ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും മറ്റു ബി ജെ പി നേതാക്കള്‍ക്കും നാണക്കേടായി മാറി. 2021 ല്‍ വിക്ടോറിയ മെമ്മോറിയലില്‍ സമാനമായ സംഭവം നടന്നിരുന്നു.

അമ്മയുടെ വിയോഗത്തെത്തുടര്‍ന്നു പരിപാടിയില്‍ നേരിട്ടെത്താന്‍ കഴിയാതിരുന്ന പ്രധാനമന്ത്രി മോദി ഓണ്‍ലൈനായാണു ട്രെയിന്‍ സര്‍വിസ് ഉദ്ഘാടനം ചെയ്തത്. ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, കേന്ദ്ര മന്ത്രിമാരായ നിസിത് പ്രമാണിക്, ജോണ്‍ ബര്‍ല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മമത ബാനര്‍ജി പ്ലാറ്റ്‌ഫോമില്‍ എത്തിയതിനുപിന്നാലെ, മറുവശത്തുണ്ടായിരുന്ന ചില ബി ജെ പി അനുഭാവികള്‍ ‘ജയ് ശ്രീറാം’ മുഴക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഗവര്‍ണറോട് ബാനര്‍ജി പരാതിപ്പെട്ട മമത, ചടങ്ങ് ഒഴിവാക്കാനാണ് ആദ്യം ആലോചിച്ചത്. അവരെ റെയില്‍വേ മന്ത്രി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. വേദിയില്‍ കയറാന്‍ വിസമ്മതിച്ച മമത പകരം വേദിക്കരികിലുള്ള കസേരയില്‍ ഇരുന്നു.

ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂറ്റന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെതോടെ മമത മനഃസാന്നിധ്യം വീണ്ടെടുത്തു. ചടങ്ങില്‍ സംസാരിക്കവെ അവര്‍ പ്രധാനമന്ത്രിയെ അനുശോചനം അറിയിച്ചു. ”വ്യക്തിപരമായി നിങ്ങള്‍ക്കിന്നു സങ്കടകരമായ ദിവസമാണ്. ഇതു നിങ്ങളുടെ വ്യക്തിജീവിതത്തിലെ വലിയൊരു നഷ്ടമാണ്. നിങ്ങളുടെ അമ്മയെ സ്‌നേഹിക്കാന്‍ ദൈവം നിങ്ങള്‍ക്കു ശക്തിയും അനുഗ്രഹവും നല്‍കട്ടെ … അമ്മയുടെ വിയോഗം കാരണം നിങ്ങള്‍ക്കു വരാന്‍ കഴിഞ്ഞില്ലെങ്കിലും ഫലത്തില്‍ ഇവിടെ ഇവിടെയുണ്ടായിരിക്കുന്നതിനു എന്റെ നന്ദി അറിയിക്കുന്നു. ദയവായി വിശ്രമിക്കുകയും നന്നായിരിക്കുകയും ചെയ്യുക,”മമത പറഞ്ഞു.

”ഇന്ന് എന്റെ ഏറ്റവും സന്തോഷകരമായ യാത്രയാണ്. എന്റെ സ്വപ്ന പദ്ധതിയായ ജോക്ക ടു താരാതല ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. ഞാന്‍ റെയില്‍വേ മന്ത്രിയായിരിക്കെ ആരംഭിച്ച മറ്റു പദ്ധതികളും ഉദ്ഘാടനം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങളും സംസ്ഥാനത്തിന് ഒരു പുതിയ ട്രെയിന്‍ തന്നു. ഞാന്‍ വളരെയധികം സന്തോഷവതിയാണ്…എല്ലാ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എം എല്‍എമാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നന്ദി പറയുന്നു. നിങ്ങളുടെ ജോലി ചെയ്യാന്‍ ദൈവം ശക്തി നല്‍കട്ടെ,” ചടങ്ങില്‍ ഉദ്ഘാടനം ചെയ്ത വികസന പദ്ധതികളെക്കുറിച്ചു മമത പറഞ്ഞു.

മമതയുടെ പ്രസംഗത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി വീശി ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്തു. മമതയും അശ്വനി വൈഷ്ണവ് തുടങ്ങിയവരും പച്ചക്കൊടി വീശി.

2021-ല്‍, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനാഘോഷ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ വിക്ടോറിയ മെമ്മോറിയലില്‍ മമത ബാനര്‍ജി ജയ് ശ്രീറാം മുദ്രാവാക്യം നേരിട്ടിരുന്നു. അന്ന്, ചടങ്ങില്‍ സംസാരിക്കാന്‍ വിസമ്മതിച്ച അവര്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഇത്തരമൊരു സംഭവം നടന്നതിനെ അപലപിച്ചിരുന്നു.