വത്തിക്കാന്‍: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പോപ് എമരിറ്റസ് ബനഡിക്ട് പതിനാറാമന്‍ ഗുരുതരാവസ്ഥയില്‍. ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യവേ ഫ്രാന്‍സിസ് മാർപാപ്പയാണ് 95കാരനായ തന്റെ മുന്‍ഗാമിയുടെ ആരോഗ്യനില അറിയിച്ചത്.

അദ്ദേഹത്തിനുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കണമെന്നും വിശ്വാസികളോട് അഭ്യര്‍ഥിച്ചു. കൂടുതൽ വിവരങ്ങൾ തേടുകയാണെന്ന് വത്തിക്കാന്‍ വക്താവ് പ്രതികരിച്ചു. വത്തിക്കാനിലെ കോൺവെന്റിലാണ് താമസം. ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്.

ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്തതിന് പിന്നാലെ ഫ്രാന്‍സിസ് മാർപാപ്പ, ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പ്രായാധിക്യം ചൂണ്ടിക്കാട്ടി 2013ലാണ് ബനഡിക്ട് പതിനാറാമന്‍ മാർപാപ്പ സ്ഥാനത്തുനിന്ന് രാജിവെച്ചത്.

കത്തോലിക്ക സഭയുടെ അറുനൂറു വർഷ ചരിത്രത്തില്‍ സ്ഥാനം രാജിവെക്കുന്ന ആദ്യ മാർപാപ്പയായിരുന്നു ഇദ്ദേഹം. ഇതിന് മുമ്പ് സ്ഥാനമൊഴിയല്‍ നടത്തിയത് 1415ല്‍ ഗ്രിഗറി പന്ത്രണ്ടാമനാണ്.