തിരുവനന്തപുരം: കേരളത്തെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുമ്പോൾ അതിനു കാരണമായ ഒരു ഘടകമായി നീലക്കുറിഞ്ഞി കാണും. അത്രത്തോളം പ്രധാന്യം കേരളം നീലക്കുറിഞ്ഞുക്കൂ നൽകുന്നുണ്ട്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാൻ സീസണുകളിൽ വലിയ ജനക്കൂട്ടമാണ് പുക്കുന്നയിടങ്ങളിൽ എത്തുന്നത്. നീലക്കുറിഞ്ഞി കാണാൻ എത്തുന്നവർ ചെടിയിൽ നിന്നും പൂവിറുക്കുന്നതും കമ്പ് മുറിച്ച് വീട്ടിൽ കൊണ്ടുപോകുന്നതും പതിവാണ്. എന്നാൽ അത്തരക്കാരുണ്ടെങ്കിൽ ഇനിയൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കാരണം ഇനിമുതൽ നീലക്കുറിഞ്ഞി കണ്‍കുളിര്‍ക്കെ കാണാൻ മാത്രമേ കഴിയൂ. പൂവിറുത്താല്‍ ഒരു സംശയവും വേണ്ട, അകത്താകും. 

പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞിയെ കേന്ദ്രസര്‍ക്കാര്‍ മൂന്നാംപട്ടികയില്‍പ്പെടുത്തി സംരക്ഷണം കര്‍ശനമാക്കിയതോടെയാണ് നിയന്ത്രണങ്ങൾ പ്രാവർത്തികമായത്. 1972-ലെ വന്യജീവി (സംരക്ഷണ) നിയമം ഭേദഗതി ചെയ്‌താണ് പുതിയ നിയമ ഭേദഗതി കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. ഭേദഗതിപ്രകാരം, പൂവിറുക്കുകയോ ചെടി പിഴുതെടുക്കുയോ വില്‍ക്കുകയോ നശിപ്പിക്കുകയോ ചെയ്‌താല്‍ അഞ്ചുവര്‍ഷംവരെ തടവും ഒരുലക്ഷം രൂപവരെ പിഴയും ലഭിക്കുമെന്നുള്ളതാണ് പ്രത്യേകത. 

അതേസമയം നീലക്കുറിഞ്ഞി വീട്ടില്‍ നട്ടുവളര്‍ത്താനും കഴിയില്ല. വീട്ടിൽ നീലക്കുറിഞ്ഞി നട്ടുവളർത്തിയാലും നിയമം ബാധകമാണ്‌. ഡിസംബർ 20 മുതലാണു നിയമം പ്രാബല്യത്തിലായത്. മൂന്നാര്‍ മലനിരകളില്‍ അപൂര്‍വമായെത്തുന്ന നീലക്കുറിഞ്ഞി വസന്തം കാണാന്‍ വലിയ രീതിയിലുള്ള ജനക്കൂട്ടമാണ് എത്തുന്നത്. കുറിഞ്ഞി വസന്തം പോകുന്നവരില്‍ പലരും ചെടിയോ പൂവോ പറിച്ചെടുക്കാറുണ്ട്‌. പല വീടുകളിലും സ്‌ഥാപനങ്ങളിലും ഉദ്യാനങ്ങളിലും നീലക്കുറിഞ്ഞി നട്ടുപിടിപ്പിച്ചിട്ടുമുണ്ട്‌. ഇതെല്ലാം ഉഇനി ക്രിമിനൽ കുറ്റമായി മാറുകയാണ്. 

സസ്യങ്ങള്‍ ഉള്‍പ്പെടുന്നതു പട്ടിക ആറിലാണ്‌. ഇതില്‍ ഗുരുതര വംശനാശഭീഷണിയുള്ള 19 സസ്യങ്ങളെയാണു മൂന്നാംപട്ടികയിലേക്കു മാറ്റിയത്‌. ഈ പട്ടികയില്‍ ഒന്നാമതാണു നീലക്കുറിഞ്ഞിയുടെ സ്ഥാനം. അതേസമയം വന്യജീവികളുടെ സംരക്ഷണപ്രാധാന്യവും മുന്‍ഗണനയനുസരിച്ച്‌ ആറ്‌ പട്ടികകളായി തിരിച്ചിട്ടുണ്ട്.  പട്ടിക ഒന്നും പട്ടിക രണ്ടിലെ രണ്ടുമാണ് കൂടുതല്‍ സംരക്ഷണമര്‍ഹിക്കുന്നത്‌. ഒന്നാംപട്ടികയില്‍ കടുവ, പുലി, മാന്‍, ആന, പന്നി, വവ്വാല്‍, കടുവ, കാട്ടുപൂച്ച, മരയണ്ണാന്‍ തുടങ്ങിയവയാണുള്ളത്. രണ്ടാംപട്ടികയില്‍ കാക്ക ഉള്‍പ്പെടെയുള്ള പക്ഷികളും മത്സ്യങ്ങളും കാട്ടുപന്നി, എലി, മുയല്‍ തുടങ്ങിയ മൃഗങ്ങളുമാണ് ഉൾപ്പെടുന്നത്. ഇനിമുതല്‍ സസ്യങ്ങളും ഈ പട്ടികയിലാണുൾപ്പെടുന്നത്. 

കുറിഞ്ഞി വിഭാഗത്തില്‍ 40-ഓളം സസ്യ ഇനങ്ങള്‍ ഉണ്ടെങ്കിലും സ്‌ട്രൊബിലാന്തസ് കുന്തിയാന എന്നു വിളിക്കുന്ന നീലക്കുറിഞ്ഞിയാണ് സമൃദ്ധവും ഏറ്റവും പ്രമുഖവും. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന ഈ കുറ്റിച്ചെടി മൂന്നാര്‍ മലനിരകളുടെ പ്രതീകമായാണ് വിലയിരുത്തന്നത്. നീലഗിരിക്കുന്നുകളിലും കൊഡൈക്കനാല്‍ മേഖലയിലുമാണ് നീലക്കുറിഞ്ഞികള്‍ സമൃദ്ധമായി കാണപ്പെടുനന്നത്. വരയാടുകളുടെ സംരക്ഷണത്തിനായി നിലവില്‍ വന്ന ഇരവികുളം ദേശീയോദ്യാനവുമായി ബന്ധമുള്ള സസ്യം കൂടിയാണ് നീലക്കുറിഞ്ഞി. `മൂന്നാര്‍ – നീലക്കുറിഞ്ഞിയുടെ സ്വര്‍ഗ്ഗലോകം´- എന്നും അറിയപ്പെടുന്നു.

2018-ലായിരുന്നു നീലക്കുറിഞ്ഞി പൂവിട്ടത്. ഇനി അടുത്ത പൂവിടലിന് 2030-വരെ കാത്തിരിക്കണം. അതേസമയം കര്‍ണാടകയിലെ ചിക്കമംഗളുരുവിൽ ഈവര്‍ഷം നീലക്കുറിഞ്ഞി പൂത്തു. ജൂലൈ-ഒക്‌ടോബറാണു നീലക്കുറിഞ്ഞിയുടെ പൂക്കാലം. ഏകദേശം 250 നീലക്കുറിഞ്ഞി ഇനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുള്ളതില്‍ 45 എണ്ണം ഇന്ത്യയില്‍ കാണപ്പെടുന്നുണ്ടെന്നാണ് സസ്യ ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.