വാഷിംഗ്ടൺ: യു.എസിലെ അരിസോണയിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടയിൽ വീണ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാർ മുങ്ങിമരിച്ചു. 26ന് ഉച്ചകഴിഞ്ഞ് 3.35ന് അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്‌സ് കാന്യോൺ തടാകത്തിലാണ് സംഭവം. നാരായണ മുദ്ദന(49), ഗോകുൽ മെഡിസെറ്റി(47), ഹരിത മുദ്ദന എന്നിവരാണ് മരിച്ചത്.

കൊല്ലപ്പെട്ട മൂന്നുപേരും അരിസോണയിലെ ചാൻഡലറിലാണ് താമസിക്കുന്നത്. അവർ ഇന്ത്യൻ പൗരന്മാരാണെന്ന് കൗണ്ടി ഷെരീഫ് ഓഫീസ് (സി.സി.എസ്.ഒ) ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. വെള്ളത്തിൽ വീണ ഉടനെ ഹരിതയെ കരയിലേക്ക് വലിച്ചെത്തിച്ചെങ്കിലും അവർ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ മറ്റ് രണ്ടുപേർക്ക് വേണ്ടി തെരച്ചിൽ നടത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് ഓഫീസ് അറിയിച്ചു. അമേരിക്കയില്‍ അതിശൈത്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ശീതക്കൊടുങ്കാറ്റില്‍ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 60 കടന്നു. തെക്കന്‍ ന്യൂയോര്‍ക്കില്‍ ഹിമപാതത്തില്‍ 27 പേരാണ് കഴിഞ്ഞദിവസം മരിച്ചത്. കനത്ത മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് ഗതാഗത സംവിധാനങ്ങള്‍ താറുമാറായി.

ആയിരക്കണക്കിന് വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിക്കിടക്കുന്നത്. നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശീത കൊടുങ്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ തകരാറിലായതോടെ വിവിധ സ്ഥലങ്ങളില്‍ വൈദ്യുതബന്ധവും വിച്ഛേദിക്കപ്പെട്ട നിലയിലാണ്. 100 വർഷത്തിനിടയിൽ അമേരിക്കയിലുണ്ടായ ഏറ്റവും രൂക്ഷമായ ശൈത്യമാണ് ഇപ്പോൾ ദുരിതം വിതക്കുന്നത്. മഞ്ഞുവീഴ്ചയെ തുടർന്ന് കൂടുതൽ ആളപായമുണ്ടായ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.