കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയ്ക്കും ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയ്ക്കും സിബിഐയുടെ ക്ലീന്‍ ചിറ്റ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സി ബി ഐ തിരുവനന്തപുരം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ചു. തെളിവില്ലെന്നുകാട്ടിയാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ക്ലിഫ്ഹൗസില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. 

സോളാര്‍ പീഡന കേസുമായി ബന്ധപ്പെട്ട് സിബിഐ ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയത്. ഈ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ലായിരുന്നെന്ന് സിബിഐ അറിയിച്ചു.തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ച് അബ്ദുല്ലക്കുട്ടി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇതോടെ സോളാര്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിച്ച മുഴുവന്‍ കേസുകളിലും പ്രതികളെ കുറ്റവിമുക്തരാക്കി. നേരത്തെ കേസിലുള്‍പ്പെട്ട കെ.സി.വേണുഗോപാലിനും എ.പി.അനില്‍കുമാറിനും ഹൈബി ഈഡനും അടൂര്‍ പ്രകാശിനും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.