ന്യൂഡൽഹി: കുട്ടിക്കാലത്ത് മനസ്സിലുണ്ടായിരുന്ന ലക്ഷ്യത്തെ പരിശ്രമിച്ച് വെട്ടിപ്പിടിച്ച പെൺകുട്ടിയാണ് കാസർഗോഡ് നീലേശ്വരം സ്വദേശി ടി ജസീല. അതിർത്തി രക്ഷാ സേനയിലെ രാജ്യമറിയുന്ന വനിതാ പോരാളിയായി മാറിയ ജസീല മാറിയതിനു പിന്നിൽ കണ്ണുനീരിൻ്റെയും വിയർപ്പിൻ്റെയും അംശമൊത്തിരിയുണ്ട്. ഇന്ന് ജസീല ഉൾപ്പെടുന്ന സംഘം റിക്കാർഡിലേക്ക് കൂടി നടന്നുകയറിയിരിക്കുകയാണ്. ബിഎസ്എഫിൻ്റെ ഭാഗമായ സീമാ ഭവാനി സംഘത്തിലെ 39 അംഗങ്ങൾ ചരിത്രം സൃഷ്ടിച്ചപ്പോൾ അതിൽ ജസീലയെന്ന നാമം കേരളത്തിൻ്റെ പ്രാധിനിത്യമായി എഴുതിച്ചേർക്കപ്പെട്ടു. സീമാ ഭവാനിയിലെ 39 അംഗങ്ങൾ ഒൻപത് റോയൽ എൻഫീൽഡ് ബെെക്കുകളിലായി പിരമിഡ് രൂപത്തിൽ അണിനിരന്ന് രണ്ടു മിനിട്ട് 10 സെക്കൻഡുകൊണ്ട് 1.3 കിലോമീറ്റർ സഞ്ചരിച്ച് നടത്തിയ അഭ്യാസ പ്രകടനം ലിംക ബുക്ക് ഓഫ് റിക്കോഡ്സിൽ ഇടംനേടിക്കഴിഞ്ഞു. സിആർപിഎഫ് സ്ഥാപിച്ച റിക്കോർഡാണ് സഞ്ചരിക്കുന്ന പിരമിഡ് എന്ന വിളിപ്പേരോടെയുള്ള അഭ്യാസ പ്രകടനത്തിലൂടെ ജസീല ഉൾപ്പെട്ട സീമാ ഭവാനിയിലെ വനിതകൾ മറികടന്നത്. 

രാജ്യത്തിനു മാത്രമല്ല നമ്മുടെ കൊച്ചു കേരളത്തിനും അഭിമാനിക്കാവുന്ന നിമിഷങ്ങൾക്കാണ് രാജ്യ തലസ്ഥാനം കഴിഞ്ഞ ദിവസം വേദിയായത്. രാജ്യത്തിൻ്റെ അതിര്‍ത്തി കാക്കുന്ന കാസര്‍ഗോഡുകാരിയായ ആദ്യ സൈനിക റിക്കോർഡ് പുസ്തകത്തിൽ ഇടംനേടിയ നിമിഷം. സെെനിക സേവനത്തിന് ചേരുകയാണെന്ന് അറിഞ്ഞപ്പോൾ ആരംഭിച്ച എതിർപ്പുകളെയും നിരത്സാഹപ്പെടുത്തലുകളേയും തോൽപ്പിച്ചാണ് ജസീല അതിർത്തി രക്ഷാസേനയുടെ ഭാഗമായി മാറിയത്. പശ്ചിമ ബംഗാളില്‍ മൂന്ന് വര്‍ഷമായി അതിര്‍ത്തി രക്ഷാസേനയിലെ  അംഗമായ ജസീല തൻ്റെ സ്ഥിരോത്സാഹം കൊണ്ടുതന്നെ സീമാ ഭവാനിയിൽ എത്തപ്പെടുകയായിരുന്നു. 

കാസർഗോഡ് നീലേശ്വരം ചായ്യോത്തെ മറിയത്തിൻ്റെ മകളാണ് ജസീല. ജസീലയ്ക്ക് ഒരു മൂത്ത സഹോദരിയുണ്ട്. അവർ വിവാഹം കഴിഞ്ഞ് മലപ്പുറത്ത് താമസിക്കുന്നു. മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് കാസർഗോഡേക്ക് കുടിയേറിയ മറിയവും ഭർത്താവും കാലിച്ചാനടുക്കം വളാപ്പാടിയില്‍ സ്ഥലം വാങ്ങി വീടുവെച്ച് താമസിക്കുന്നതിനിടെ മറിയത്തിന് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. തൻ്റെയും കുട്ടികളഒടെയും ഇരുട്ടിലായ ജീവിതത്തെ കെെവിട്ടു കളയാൻ മറിയം ഒരുക്കമല്ലായിരുന്നു. കൂലിപ്പണിയും വീട്ടുജോലിയും ചെയ്ത് മക്കളെ അവർ പഠിപ്പിച്ചു. മൂത്തമകൾ സബീനയും ജസീലയും പ്രതിസന്ധികളോട് പടവെട്ടാൻ പഠിച്ചത് അങ്ങനെയാണ്. പഠിക്കാൻ മിടുക്കിയായിരുന്ന ജസീല സാമ്പത്തിക പ്രതിസന്ധി കാരണം ബിഎ സോഷ്യോളജി പാതിവഴിയിൽ ഉപേക്ഷിച്ച് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് കയറി. തയ്യല്‍ക്കട, കമ്പ്യൂടര്‍ സ്ഥാപനം, സ്റ്റുഡിയോ, ധനകാര്യ സ്ഥാപനം തുടങ്ങിയ ഇടങ്ങളിലെല്ലാം ജസീല ജോലി ചെയ്തു.

ഒരർത്ഥത്തിൽ ജസീലയ്ക്ക് സെെന്യത്തിലേക്ക് കടുന്നുവരാൻ കാരണക്കാരിയായത് അടുത്ത സുഹൃത്തായ ശ്രുതി ജയനായിരുന്നു. ശ്രുതി 2015ല്‍ ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷയാണ് അവളെ ബിഎസ്എഫിലെത്തിച്ചത്. തൃശൂരിലായിരുന്നു കായികക്ഷമതാ പരീക്ഷ നടന്നത്. എഴുത്തു പരീക്ഷയില്‍ ആറാം റാങ്കും ലഭിച്ചു. ഒടുവിൽ പരിശീലനം കഴിഞ്ഞ് പഞ്ചാബിൽ വച്ച് പാസിങ്ഔട്ട് പരേഡ് നടന്നു. ജസീലയുടെ മാതാവ് മറിയം ആദ്യമായി വിമാനം കയറിയത് മകളുടെ പാസിങ്ഔട്ട് പരേഡ് കാണാൻ വേണ്ടിയായിരുന്നു. ആദ്യ സെെനിക നിയമനം 2017ല്‍ ബംഗ്ലാദേശ് അതിർത്തിൽ.