ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയേക്കും. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടുകയാണ് ലക്ഷ്യം. രണ്ട് പതിറ്റാണ്ടിലേറെയായി സിപിഎമ്മായിരുന്നു ത്രിപുര ഭരിച്ചിരുന്നത്. 2018ൽ മാണിക് സർക്കാരിന്റെ നേതൃത്വത്തിലുള്ള പാർട്ടി പരാജയപ്പെട്ട് ബിജെപി അധികാരത്തിലേറുകയായിരുന്നു. 

അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വടക്കുകിഴക്കൻ കോട്ട ഒരിക്കൽക്കൂടി തിരിച്ചുപിടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നത് ഉൾപ്പെടെയുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ന്യൂഡൽഹിയിൽ നടക്കുകയാണ്. അതുപോലെ, സംസ്ഥാന ഘടകവും അടുത്ത മാസം അഗർത്തലയിൽ യോഗം ചെയ്യും.

ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ തങ്ങളുടെ സംഖ്യ പരമാവധി ഉയർത്താൻ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചേക്കുമെന്ന് സി.പി.എമ്മിലെ ഉന്നത വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. കോൺഗ്രസ് നേതൃത്വവുമായി ഈ സഖ്യം സംബന്ധിച്ച് ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് പാർട്ടി ഉന്നത വൃത്തങ്ങൾ അറിയിച്ചു.

‘ഭാവി പ്രത്യാഘാതങ്ങൾ കണക്കാക്കിയതിന്’ ശേഷമേ കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് തീരുമാനമെടുക്കൂവെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. സി.പി.എം സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്ത ശേഷം, അത് കോൺഗ്രസുമായി ഇടപഴകുകയും തിരഞ്ഞെടുപ്പിന് മുമ്പ് ത്രിപുരയിലെ സീറ്റ് പങ്കിടൽ ചർച്ച ചെയ്യുകയും ചെയ്യും.

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) സഖ്യം വൻ വിജയമാണ് കാഴ്ച്ചവെച്ചത്. 60 അംഗ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയിരുന്നു. ഇതിലൂടെ 25 വർഷത്തെ ഇടതു ഭരണമാണ് ത്രിപുരയിൽ അവസാനിച്ചത്. 2018ൽ ബിജെപി-ഐപിഎഫ്ടി സഖ്യം 43 സീറ്റുകൾ നേടി. ബിജെപി 35 സീറ്റും ഐപിഎഫ്ടി 8 സീറ്റും നേടി. സിപിഐഎമ്മിന് നിയമസഭയിൽ 15 എംഎൽഎമാരാണുള്ളത്. 

ബിജെപി തങ്ങളുടെ പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിടുകയാണെന്ന് സിപിഎം ആരോപിക്കുന്നു. മുഖ്യമന്ത്രിയായി വിജയിച്ച മണിക് സർക്കാർ സംസ്ഥാനത്ത് പാർട്ടിയുടെ മുഖമാകുമോ എന്നതും സിപിഎം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യാൻ ഒരുങ്ങുകയാണ്. കോൺഗ്രസുമായി തന്ത്രപരമോ പരസ്യമോ ആയ സഖ്യം സിപിഎമ്മിന് അത്ര എളുപ്പമായിരിക്കില്ലെന്നാണ് വിലയിരുത്തൽ.