ചൈനയില്‍ കോവിഡ് വ്യാപനം മൂലമുണ്ടായ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. സമാനതകളില്ലാത്ത ദുരന്തത്തിലൂടെയാണ് രാജ്യം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഭീതിയുടെ അന്തരീക്ഷം എല്ലായിടത്തും ദൃശ്യമാണ്. ആശുപത്രികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കാരണം പല നഗരങ്ങളിലും മരുന്നുകളുടെ വലിയ ക്ഷാമം നേരിടുന്നുണ്ട്. ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും വലിയ തോതില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ശ്മശാനങ്ങളില്‍ വരെ നീണ്ട ക്യൂ ദൃശ്യമാണ്. ഇതിനിടയില്‍, കൊറോണയുമായി ബന്ധപ്പെട്ട കണക്കുകള്‍ മറച്ചുവെക്കുക മാത്രമല്ല, അവിടെ എല്ലാം ശരിയാണെന്ന് കാണിക്കാനും ചൈന ശ്രമിക്കുന്നു. ഒടുവിലായി, ചൈന പ്രഖ്യാപിച്ചിരിക്കുന്ന നിയമപരമായ മാറ്റങ്ങളാണ് ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. 

കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് നവംബറില്‍ വിവാദമായ സീറോ കോവിഡ് നയം ചൈന പിന്‍വലിച്ചിരുന്നു. അതിനുശേഷം, ചൈനയില്‍ കൊറോണ കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചില നഗരങ്ങളില്‍ നിന്നു മാത്രം പ്രതിദിനം 10 ലക്ഷം കേസുകള്‍ വരുന്നു. ബെയ്ജിംഗിലും സ്ഥിതി മോശമാണ്. ഇതിനിടയിലാണ് വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ നിയമങ്ങളില്‍ ചൈന മാറ്റം വരുത്തിയത്. ജനുവരി 8 മുതല്‍ ഇവിടെ വരുന്ന യാത്രക്കാരെ ക്വാറന്റൈന്‍ ചെയ്യില്ല. നിലവില്‍, ചൈനയ്ക്ക് പുറത്ത് നിന്ന് വരുന്ന യാത്രക്കാരെ 5 ദിവസം ഹോട്ടലുകളിലും മൂന്ന് ദിവസം സെല്‍ഫ് ഐസൊലേഷനിലും പാര്‍പ്പിക്കണമെന്നതായിരുന്നു നിയമം. 

ചൈനയില്‍, 2020 മുതല്‍ വിദേശ യാത്രക്കാരെ ക്വാറന്റൈന്‍ ചെയ്യാനുള്ള നിയമം നിലവിലുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് മാറ്റി. ജനുവരി 8 മുതല്‍ ഒരു യാത്രക്കാരെയും ക്വാറന്റൈന്‍ ചെയ്യില്ല. എന്നിരുന്നാലും, ചൈനയിലേക്ക് വരുന്നതിന് മുമ്പ്, യാത്രക്കാര്‍ കൊറോണ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും. എന്നാല്‍ പരിശോധനാ റിപ്പോര്‍ട്ട് ചൈനീസ് എംബസിയില്‍ സമര്‍പ്പിക്കേണ്ടതില്ല. പകരം വിമാനത്തില്‍ കയറുന്നതിന് മുമ്പ് ടെസ്റ്റ് റിപ്പോര്‍ട്ട് മാത്രം കാണിക്കണം.

കോവിഡിനെ നേരിടാന്‍ പുതിയ തന്ത്രവുമായി ചൈനീസ് ഭരണകൂടം. ചൈന കോവിഡിനെ ക്ലാസ് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഡെങ്കിപ്പനി പോലുള്ള ഗുരുതരമല്ലാത്ത രോഗങ്ങളെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മാത്രമല്ല, ചൈനയില്‍ ഇപ്പോള്‍ കോവിഡിനെ  ന്യുമോണിയ എന്നല്ല, അണുബാധ എന്നാണ് വിളിക്കുന്നത്. നിലവിലെ രോഗഭീഷണി കണക്കിലെടുത്താണ് ഈ മാറ്റം വരുത്തിയതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.

2020 മുതല്‍ കോവിഡ് എ ക്ലാസ് വിഭാഗത്തിലായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. രോഗം ബാധിച്ചവരെ ക്വാറന്റൈനിലാക്കി. ബന്ധപ്പെട്ടവരില്‍ അന്വേഷണം നടത്തി. കേസ് വര്‍ധിച്ചപ്പോള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ ബി കാറ്റഗറിയില്‍ ഇത് നടക്കില്ല. അതായത്, ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആവശ്യമായ ചികിത്സയിലും അണുബാധ തടയുന്നതിലും മാത്രമായിരിക്കും.

ഇതുവരെ, അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ ചൈനയില്‍ ഫൈവ് വണ്‍ നയം നടപ്പാക്കിയിരുന്നു. ഇതനുസരിച്ച്, എല്ലാ വിദേശ എയര്‍ലൈനുകളും ചൈനയില്‍ ഒരു എയര്‍ റൂട്ട് മാത്രമേ സ്വീകരിക്കൂ, ആഴ്ചയില്‍ ഒരു വിമാനം സര്‍വീസ് നടത്തും. ഇതിലും യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ ഈ നയവും അവസാനിപ്പിക്കുന്നതായി ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിമാനത്തിലെ യാത്രക്കാര്‍ ഇപ്പോഴും മാസ്‌ക് ഉള്‍പ്പെടെയുള്ള മറ്റ് കോവിഡ് നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

ചൈനയില്‍ ജോലി, ബിസിനസ്സ്, പഠനം എന്നിവ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗക്യങ്ങള്‍ നല്‍കുകയും അവര്‍ക്ക് വീണ്ടും വിസ അനുവദിക്കുകയും ചെയ്യും. ഇതിനുപുറമെ, ചൈന റോഡ്, ജലപാതകളിലെ നിയന്ത്രണങ്ങള്‍ നീക്കുകയും ക്രമേണ യാത്രക്കാരുടെ ഗതാഗതം വീണ്ടും ആരംഭിക്കുകയും ചെയ്യും.

കോവിഡ് കണക്കുകള്‍ ഇനി പുറത്തുവിടില്ലെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിടുമെന്ന് കമ്മീഷന്‍ അറിയിച്ചു.