തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിൽ മെഴുകുതിരി കത്തിച്ചുവച്ച് പ്രാർത്ഥിച്ച് അജ്ഞാതൻ. ക്ഷേത്രത്തിനുള്ളിലെ മെഴുകുതിരി കത്തിക്കൽ സുരക്ഷാവീഴ്ചയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സാധാരണ ഹിന്ദു ക്ഷേത്രങ്ങളിൽ മെഴുകുതിരി കത്തിക്കുന്ന പതിവില്ലാത്ത സാഹചര്യത്തിലാണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മെഴുകുതിരി കത്തിച്ചുവച്ച് പ്രാർത്ഥിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. ക്ഷേത്രത്തിലെ തുലാഭാരമണ്ഡപത്തിൽ ദർശനത്തിനെത്തിയവരിൽ ചിലർ മെഴുകുതിരി കത്തിച്ചെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. 

വാർത്ത പുറത്തു വന്നതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ നിർദ്ദേശം നൽകിക്കഴിഞ്ഞു. ചെരാതിൻ്റെ മാതൃകയിലുള്ള മെഴുകുതിരിയാണ് കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ കത്തിച്ചതായി കാണപ്പെട്ടത്. മെഴുകുതിരി കത്തിച്ചത് ഇതര സംസ്ഥാന സ്വദേശികളാണെന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അന്യസംസ്ഥാനക്കാർ ആരെങ്കിലുമാകാം ഈ പ്രവർത്തി നടത്തിയതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. 

പദ്മനാഭസ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസത്തെ പൂജകൾ ബുക്ക് ചെയ്തിരുന്നത് ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ രാമചന്ദ്രമൂർത്തി എന്നയാളാണ്. ഈ സംഘത്തിൽപ്പെട്ടവരാണ് മെഴുകുതിരി കത്തിച്ചതെന്നാണ് സംശയിക്കുന്നത്. ക്ഷേത്ര തന്ത്രിമഠത്തിൽ നിന്ന് അകത്തേക്ക് കൊണ്ടുവരുന്ന പൂജാദ്രവ്യങ്ങൾവരെ പരിശോധിക്കുന്ന പതിവുണ്ട്. എന്നാൽ മെഴുകുതിരി പരിശോധകരുടെ കണ്ണിൽപ്പെടാതെ എങ്ങനെ അകത്തുപോയെന്ന ചോദ്യമാണ് ഉയരുന്നത്. ക്ഷേത്രത്തിൽ മെഴുകുതിരി കത്തിച്ചത് ആദ്യമായിട്ടാണെന്നും അധികൃതർ വ്യക്തമാക്കുന്നു. 

അതേസമയം ക്ഷേത്രത്തിൽ അജ്ഞാതർ മെഴുകുതിരി തെളിച്ചത് കനത്ത സുരക്ഷാവീഴ്ചയാണെന്ന് വിവിധ ഭക്തസംഘടനകൾ അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ  പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ദർശനത്തിനെത്തുന്ന ഭക്തരെ കർശന പരിശോധനകൾക്ക് ശേഷം മാത്രമാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. എന്നാൽ ഇത് മറികടന്നാണ് മെഴുകുതിരി കത്തിക്കൽ നടന്നിരിക്കുന്നത്. ക്ഷേത്രപൂജാവസ്തുക്കൾക്കൊപ്പം മെഴുകുതിരി എങ്ങനെ ക്ഷേത്രത്തിനുള്ളിൽ കൊണ്ടുപോയെന്നത് ദുരൂഹമാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.  ക്ഷേത്രത്തിനുള്ളിൽ മെഴുകുതിരി കത്തിച്ച സംഭവം വിശദമായി അന്വേഷിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചിട്ടുണ്ട്.