കണ്ണൂര്‍: ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിക്ക് പിന്നിൽ ചരടുവലിച്ചു എന്ന് വൈദീകം റിസോർട്ട് സിഇഒ ആരോപിക്കുന്ന തലശ്ശേരിയിലെ വ്യവസായി രമേഷ് കുമാർ ആരാണെന്ന് ഉറ്റ് നോക്കുകയാണ് രാഷ്ട്രീയ കേരളം. റേഷൻ കടയിൽ ജോലി ചെയ്തിരുന്ന രമേഷ് കുമാർ, കോടികളുടെ ആസ്തിയുള്ള ബിസിനസുകാരനായി വളർന്നതും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അടുപ്പക്കാരനായതും  ഞൊടിയിടയിലാണ്.

തലശ്ശേരി കേന്ദ്രീകരിച്ച് കോൺട്രാക്റ്റ് ജോലികൾ ചെയ്തിരുന്ന എംസി ലക്ഷ്മണിന്‍റെ ഓഫീസിൽ അക്കൗണ്ടിങ് വിഭാഗത്തിലാണ് പഠന ശേഷം കെ പി രമേഷ് കുമാർ ആദ്യം എത്തുന്നത്. ഏറെ വൈകാതെ സ്ഥാപനത്തിന്റെ മാനേജറായി.  ലക്ഷ്മൺ മരിച്ചപ്പോൾ 25 ശതമാനം സ്വത്ത് കെ പി രമേശിന്‍റെ പേരിലായി. പിന്നീട് സ്വത്ത് അപ്പാടെ തട്ടിയെടുത്തു എന്ന കുടുംബത്തിന്‍റെ ആക്ഷേപം എവിടെയും എത്തിയില്ല. സിപിഎം സഹകരണ മേഖലയിൽ ആരംഭിക്കുന്ന സംരഭങ്ങളുടെയെല്ലാം നിർമ്മാണ ചുമതല എം സി ഗ്രൂപ്പിന് കിട്ടി. തളിപ്പറമ്പിലെയും തലശ്ശേരിയിലേയും വടകരയിലെയും സഹകരണ ആശുപത്രികൾ, കണ്ണൂരിലെ നായനാർ അക്കാദമി അങ്ങെ പോകുന്നു ലിസ്റ്റ്. ഇപി ജയരാജനുമായുള്ള അടുപ്പമാണ് ഈ കെട്ടടങ്ങളുടെയൊക്കെ കോൺട്രാക്റ്റ് നേടിയെടുക്കാൻ രമേശിനെ സഹായിച്ചത്. 

പിണറായിയുടെയും കോടിയേരിയുടെയും കുടുംബ സുഹൃത്താണ് കൂടിയാണ് കെ പി രമേശ് കുമാർ. കോൺഗ്രസിലേയും ലീഗിലേയും എന്നുവേണ്ട എല്ലാ പാർട്ടികളിലെ നേതാക്കളുമായും നല്ല അടുപ്പമുണ്ട്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ഇന്ദിരാഗാന്ധി ആശുപത്രി നിർമ്മിച്ചതും എംസി ഗ്രൂപ്പാണ്. കണ്ണൂരിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് വീടും പണിതു നൽകി.

മാഹി ദന്തൽകോള്ജ് ചെയർമാൻ, കുണ്ടൂർമലയിൽ സ്വാശ്രയ കോളേജ്, നിരവധി ഷോപ്പിംഗ് കോംപ്ലക്സ്, അങ്ങനെ വിപുലമാണ് രമേഷ് കുമാറിന്റെ ബിസിനസ് ലോകം. 2014ൽ ഇപിയുടെ മകൻ പി കെ ജെയ്സണുമായി ചേർന്ന് രമേഷ് കുമാർ 30 കോടിയുടെ ആയുർവേദ റിസോർട്ട് പദ്ധതിക്ക് തുടക്കമിട്ടു. റിസോർട്ട് നിർമ്മാണത്തിൽ രമേഷ് കുമാർ നടത്തിയ സാമ്പത്തിക തട്ടിപ്പ് ബോർഡ് അന്വേഷിച്ച് വരികയാണെന്ന് വൈദീകം സിഇഒ ജോസഫ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.