സിഇഒ ഇലോണ്‍ മസ്‌കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ വീണ്ടും ട്വിറ്ററിനെ വാര്‍ത്തകളില്‍ ഇടംപിടിപ്പിച്ച് ഡാറ്റാ ചോര്‍ച്ച. 40 കോടി ഉപയോക്താക്കളുടെ ഡാറ്റ ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബിലൂടെ വില്‍ക്കുന്നുവെന്നാണ് വിവരം. ഇതിന് മുമ്പും 54 ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. നവംബറിലാണ് ഇത് സംബന്ധിച്ച ആദ്യ സൂചനകള്‍ പുറത്തുവന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. പുതിയ സംഭവം ഇലോണ്‍ മസ്‌കിന് തലവേദനയാകും.

ട്വിറ്ററിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (ഡിപിസി) നേരത്തെ നടന്ന ഡാറ്റ ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഈ വാര്‍ത്ത വന്നത്.പുതിയ ഡാറ്റ ചോര്‍ച്ച സ്ഥിരീകരിക്കാനുള്ള തെളിവുകളും ഹാക്കര്‍മാര്‍ ഹാജരാക്കിയിട്ടുണ്ട്.

ഒരു ഡാറ്റ സാമ്പിളും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  ഉപയോക്താവിന്റെ പേര്, ഇമെയില്‍, പിന്തുടരുന്നവരുടെ എണ്ണം, ആരംഭിച്ച തീയതി,  ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയാണ് ചോര്‍ന്നത്. വിവിധ രംഗങ്ങളിലെ പല ഉന്നതരുടെയും പേരുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മുതല്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വരെയുള്ളവരുടെ ഡാറ്റാ ചോര്‍ത്തിയെന്നാണ് ഹാക്കര്‍മാരുടെ വാദം. ഇതിനുപുറമെ, ഇന്ത്യയുടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ സോഷ്യല്‍ മീഡിയ വിശദാംശങ്ങളുമുണ്ട്.

പുറത്തുവിട്ട പട്ടികയിലെ ചില പേരുകള്‍..

-അലക്സാന്‍ഡ്രിയ ഒകാസിയോ-കോര്‍ട്ടെസ്
– സ്പേസ് എക്സ്
– സിബിഎസ് മീഡിയ
– ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍
– ഡോജ ക്യാറ്റ്
-ചാര്‍ലി പുത്ത്
-സുന്ദര്‍ പിച്ചൈ
– സല്‍മാന്‍ ഖാന്‍
– നാസയുടെ JWST അക്കൗണ്ട്
– NBA
– ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, ഇന്ത്യ
-ഷോണ്‍ മെന്‍ഡസ്
– WHO യുടെ സോഷ്യല്‍ മീഡിയ

5.4 മില്യണ്‍ പേരുടെ ഡാറ്റ ചോര്‍ച്ചയ്ക്ക് പിഴ അടക്കാന്‍ ഇലോണ്‍ മസ്‌ക് തയ്യാറാണ്.പക്ഷേ, 400 മില്യണ്‍ ഉപയോക്താക്കളുടെ ഡാറ്റാ ചോര്‍ച്ചയ്ക്ക് എത്രത്തോളം പിഴ ചുമത്തുമെന്ന് ഓര്‍ക്കണമെന്ന് ഹാക്കര്‍മാരുടെ പോസ്റ്റില്‍ പറഞ്ഞു. പിഴ അടക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് ഒരേയൊരു ഓപ്ഷന്‍ മാത്രമേയുള്ളൂ- ഡാറ്റ വാങ്ങുക. ഇടനിലക്കാരന്‍ വഴി ഇടപാട് പൂര്‍ത്തിയാക്കാമെന്നും അതിനുശേഷം ഈ ഡാറ്റ നശിപ്പിക്കുമെന്നും ഹാക്കര്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഹാക്കര്‍ ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.ഈ ഡാറ്റ യഥാര്‍ഥമായിരിക്കുമെന്ന് അലോണ്‍ ഗാല്‍ ലിങ്ക്ഡ്ഇന്നില്‍ പറഞ്ഞു.എപിഐയിലെ പഴുതുകള്‍ മുതലെടുത്ത് ഹാക്കര്‍ ഡാറ്റ മോഷ്ടിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.ഇത് ഫേസ്ബുക്കിന്റെ 533 ദശലക്ഷം ഡാറ്റാബേസ് പോലെയാണ്.സംഭവത്തില്‍ മെറ്റയ്ക്ക് 275,000,000 പിഴ ചുമത്തിയിരുന്നു.