മെഹ്സാന: ഗുജറാത്തില്‍ പാരാഗ്ലൈഡിംഗ് അപകടത്തില്‍ 50 കാരനായ ദക്ഷിണ കൊറിയന്‍ പൗരന് മരിച്ചു. ഷിന് ബൈയോണ്‍ മൂണ്‍ എന്നയാളാണ് 50 അടി ഉയരത്തില്‍ നിന്ന് വീണത്. പാരാഗ്ലൈഡറിന്റെ മേലാപ്പ് ശരിയായി തുറക്കാന്‍ കഴിയാതെ വന്നതിനാല്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം. മെഹ്സാന ജില്ലയിലെ കാഡിക്ക് സമീപം ശനിയാഴ്ചയാണ് സംഭവം.
ഷിന് വഡോദരയിലേക്കുള്ള യാത്രയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഷിന് വിസത്പുരയില് പാരാഗ്ലൈഡിംഗ് ചെയ്യുന്ന സുഹൃത്തുക്കളെ സന്ദര്‍ശിച്ചു. ഇതിനിടെയാണ് പാരാഗ്ലൈഡിങ് അപകടത്തില്‍പ്പെട്ടത്. കാഡി പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ നികുഞ്ച് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്.
നിലത്ത് വീണയുടന്‍ അര്‍ദ്ധ ബോധാവസ്ഥയിലായ ഇയാളെ സുഹൃത്തുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാഡി സ്റ്റേഷനില്‍ അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വഡോദരയിലെയും കൊറിയന്‍ എംബസിയിലെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സംഭവത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.