തിരുവനന്തപുരം: തിരുവനന്തപുരത്ത വിവിധയിടങ്ങളില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് പേരെ കാണാതായി. തുമ്പയില്‍ ഒരാള്‍ കടലില്‍ മുങ്ങി മരിച്ചു. പുത്തന്‍തോപ്പ്, അഞ്ചുതെങ്ങ് എന്നിവിടങ്ങളില്‍ നിന്ന് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. കടല്‍ത്തീരത്ത് ക്രിസ്മസ് ആഘോഷിക്കാനെത്തിയവരാണ് അപകടത്തില്‍പെട്ടത്. 

പുത്തന്‍ തോപ്പ് സ്വദേശി 16 കാരനായ ശ്രേയസ്, കണിയാപുരം സ്വദേശിയായ 19 കാരന്‍ സാജിദ് എന്നിവരെയാണ് കാണാതായത്. ഇവരുടെ കൂടെ കടലില്‍ പോയ മറ്റൊരാളെ രക്ഷപ്പെടുത്തി. അഞ്ചുതെങ്ങില്‍ മാമ്പള്ളി സ്വദേശി സാജന്‍ ആന്റണിയും അപകടത്തില്‍പെട്ടു. 34കാരനായ സാജനും വൈകിട്ട് കുളിക്കാനിറങ്ങിയതായിരുന്നു. രണ്ടിടത്തും രാത്രി വരെ തിരച്ചില്‍ നടത്തിയിരുന്നു. വലിയ തിരകളും ശക്തമായ അടിയൊഴുക്കുമാണ് അപകടമുണ്ടാക്കിയത്.