തിരുവനന്തപുരം: വനിതാ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന പരാതിയിൽ ഡി വെെ എഫ് ഐ നേതാവ് ജെ ജെ അഭിജിത്തിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. നേരത്തെ വനിതാ പ്രവർത്തകയുടെ പരാതിയിൽ ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് തരംതാഴ്‌ത്തിയിരുന്നു.

അതേസമയം എസ് എഫ് ഐ ജില്ലാ സെക്രട്ടറിയാവാൻ അഭിജിത്ത് പ്രായം കുറച്ചുകാട്ടിയെന്ന് ആരോപണം ഉയർന്നിരുന്നു. പ്രായം കുറച്ച് കാണിച്ചത് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞിട്ടാണെന്ന് പറയുന്ന അഭിജിത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. എന്നാൽ ആനാവൂർ ഇത് തള്ളി. നേരത്തെ ലഹരിവിരുദ്ധ ക്യാമ്പയ്നിൽ പങ്കെടുത്ത ശേഷം ബാറിലെത്തി മദ്യപിച്ചെന്ന് കാണിച്ച് അഭിജിത്തിനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു.

പ്രായം കൂടുതലാണെന്ന് അഭിജിത്ത് തന്നെ പറയുന്ന സംഭാഷണം പുറത്തുവന്നിരുന്നു. അത് ഇങ്ങനെ ‘എനിക്കിപ്പോ എന്താ, മുപ്പത്. എന്റെ ഒറിജിനല്‍ പ്രായമാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ പുറത്ത് പറയണ പ്രായമല്ല. ഈ സംഘടനയില്‍ ഞാന്‍ നിന്നത് അതുകൊണ്ടാണ്. 26 വരയേ എസ്.എഫ്.ഐയില്‍ നില്‍ക്കാന്‍ പറ്റുള്ളൂ. ഈ വര്‍ഷം 30 ആയി. ഞാന്‍ ’92 ആണ്. എന്റെ കയ്യില്‍ ’92 ഉണ്ട്, ’94 ഉണ്ട്, ’95 ഉണ്ട്, സര്‍ട്ടിഫിക്കറ്റുകളേ. എന്നോട് നാഗപ്പന്‍ സാറ് പറഞ്ഞതാണ് ആര് ചോദിച്ചാലും ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. പ്രദീപ് സാറും എന്നോട് പറഞ്ഞു.’