തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ.പി. ജയരാജനെതിരെ സാമ്പത്തിക ആരോപണമുന്നയിച്ചെന്ന മാധ്യമ വാര്‍ത്തകളെ നിഷേധിക്കാതെ പി.ജയരാജന്‍. കോണ്‍ഗ്രസിനെപ്പോലെയോ ബിജെപിയെപ്പോലെയോ ഉളള പാര്‍ട്ടിയല്ല സിപിഎം എന്നും, അടി മുതല്‍ മുടി വരെ സേവനം മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും പി. ജയരാജന്‍ പറഞ്ഞു. എന്നാല്‍ സമൂഹത്തിന്റെ തെറ്റായ പല പ്രവണതകളും പാര്‍ട്ടിയിലെ കേഡര്‍മാരില്‍ വന്നുചേരാറുണ്ട്. അതിനെതിരെയുള്ള തെറ്റുതിരുത്തല്‍ രേഖയാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. അതിന്റെ ഭാഗമായി പാര്‍ട്ടിക്കകത്തെ തെറ്റായ പ്രവണതകളെ കുറിച്ച് പറയുക എന്നതല്ലാതെ മറ്റുകാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി ജയരാജന്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു. ഇ.പി ജയരാജനെതിരെ സാമ്പത്തിക ആരോപണം നടത്തിയെന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു പി ജയരാജന്‍.

എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ.പി. ജയരാജനെതിരേ ഗുരുതര സാമ്പത്തിക ആരോപണവുമായി പി.ജയരാജന്‍ രംഗത്ത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെയാണ് സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ മൊറാഴക്ക് സമീപം ജയരാജന്റെ മകന്‍ നടത്തുന്ന ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ ജയരാജന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതായാണ് ആരോപണം. ഗുരുതര ആരോപണമാണെന്നും പരാതി എഴുതി നല്‍കിയാന്‍ അന്വേഷിക്കാമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കമ്മിറ്റിയില്‍ വ്യക്തമാക്കിയതായാണ് ലഭിക്കുന്ന സൂചന. എത്ര ഉന്നതനായാലും കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്നും ഗോവിന്ദന്‍ യോഗത്തില്‍ അറിയിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.  

ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി.ജയരാജന്‍ പറഞ്ഞു. റിസോര്‍ട്ട് തുടങ്ങുന്ന സമയത്ത് പ്രശ്‌നം ചൂണ്ടിക്കാണിച്ചപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റം വരുത്തിയെന്നും  ഗുരുതരമായ ആരോപണത്തില്‍ അന്വേഷണവും നടപടിയും വേണമെന്നും പി.ജയരാജന്‍ ആവശ്യപ്പെട്ടു. അതേസമയം, അരോപണം ഉയര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി ജയരാജന്‍  പങ്കെടുത്തിരുന്നില്ല.

ജയരാജന്റെ മകനൊപ്പം വന്‍ വ്യവസായികളും ചേര്‍ന്നാണ് റിസോര്‍ട്ട് നിര്‍മ്മിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. ആന്തൂര്‍ നഗരസഭയില്‍ മൊറാഴക്ക് സമീപം പത്തേക്കറോളം വരുന്ന കുന്നിടിച്ചാണ് വന്‍ ആയുര്‍വേദ റിസോര്‍ട്ടും ആശുപത്രി സമുച്ചയവും പണിതത്. മൂന്നു കോടി രൂപ മുതല്‍മുടക്കില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലായിരുന്നു റിസോര്‍ട്ട് നിര്‍മാണം. ഇ പി ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്സന്റെ നേതൃത്വത്തിലാണ് റിസോര്‍ട്ട് നിര്‍മിച്ചത്. ജയ്സണും വ്യവസായിയായ കളത്തില്‍ പാറയില്‍ രമേഷ് കുമാറും ചേര്‍ന്നാണ് കമ്പനി രൂപീകരിക്കുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ജയരാജന്റെ മകന്‍ ചെയര്‍മാനും രമേഷ് കുമാര്‍ മാനേജിംഗ് ഡയറക്ടറുമാണെന്നും കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ പറയുന്നു. https://2cc3c1bfe00e6624f7bd6439c861792c.safeframe.googlesyndication.com/safeframe/1-0-40/html/container.html

1000 രൂപയുടെ 2500 ഷെയറുകള്‍ ഉള്‍പ്പെടെ 25 ലക്ഷംരൂപയുടെ ഷെയറാണ് ജയരാജന്റെ മകനുള്ളത്. കണ്ണൂരിലെ പ്രമുഖവ്യവസായി കൂടിയായ കാദിരി ഗ്രൂപ്പും കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളാണ്. നിലവില്‍ വന്‍ വ്യവസായികളടക്കം ഏഴുപേരാണ് കമ്പനി ഡയറക്ടര്‍മാര്‍. ജയരാജന്റെ ഭാര്യയ്ക്കും കമ്പനിയില്‍ സുപ്രധാന പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. ഈ റിസോര്‍ട്ടിന്റെ മറവില്‍ ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് പി.ജയരാജന്റെ ആരോപണം.