ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രതയോടെ കേന്ദ്രം. വിമാനത്താവളങ്ങളില്‍ 2% അന്താരാഷ്ട്ര യാത്രക്കാരെ ഇന്ന് മുതല്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഇവരെ തെര്‍മല്‍ സ്‌കാനിംഗ് നടത്തും. ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവഡ് പരിശോധനാ റിപ്പോര്‍ട്ട്  നിര്‍ബന്ധമാക്കിയേക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിമാനസര്‍വ്വീസുകള്‍ നിയന്ത്രിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം വിലയിരുത്തിയിരുന്നു.

വരാനിരിക്കുന്ന ഉത്സവങ്ങളും പുതുവത്സര ആഘോഷങ്ങളും കണക്കിലെടുത്ത് ‘ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്, വാക്സിനേഷന്‍’ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാനും നിര്‍ദ്ദേശമുണ്ട്. എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കാനും കോവിഡ് പ്രതിരോധത്തിനായി പൂര്‍ണ്ണമായി തയ്യാറെടുക്കാനും കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും കഴിഞ്ഞ കോവിഡ് കാലത്ത് ചെയ്തതുപോലെ സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കൊവിഡ് പോസിറ്റീവ് രോഗികളുടെ സാമ്പിളുകള്‍ ജീനോം പരിശോധനയ്ക്ക് അയക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള പുതിയ വകഭേദങ്ങള്‍ യഥാസമയം കണ്ടെത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.