വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ അഭിഭാഷകൻ റിച്ച് വർമ്മയ്ക്ക് ഉയർന്ന നയതന്ത്ര പദവി നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻയ യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലാണ് നിയമനം. 54കാരനായ റിച്ച് വർമ്മ ഇന്ത്യയിൽ യുഎസ് അംബാസിഡറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2015 മുതൽ 2017 വരെയായിരുന്നു ഇത്. നിലവിൽ മാസ്റ്റർകാർഡിന്റെ പൊതുനയ വിഭാഗത്തിന്റെ തലവനാണ് വർമ്മ. 

മാനേജ്‌മെന്റ് ആൻഡ് റിസോഴ്‌സ് ഡെപ്യൂട്ടി സെക്രട്ടിയായിട്ടായിരിക്കും അദ്ദേഹം പ്രവർത്തിക്കുക. ഇന്ത്യൻ വംശജനായ ഒരാൾക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവിയാണിത്. നേരത്തെ ഒബാമയുടെ ഭരണകാലത്ത് അസിസ്റ്റന്റ് സെക്രട്ടറി പദം വർമ്മ വഹിച്ചിട്ടുണ്ട്. യു.എസ് സെനറ്റർ ഹാരി റെയ്ഡിന്റെ ഉപദേശകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഏഷ്യാ ഗ്രൂപ്പിന്റെ വൈസ് ചെയർമാനായും സ്റ്റെപ്റ്റോ ആൻഡ് ജോൺസൺ എൽഎൽപിയിൽ പാർട്ണറായും സീനിയർ കൗൺസിലറായും ആൽബ്രൈറ്റ് സ്റ്റോൺബ്രിഡ്ജ് ഗ്രൂപ്പിൽ സീനിയർ കൗൺസിലറായും വർമ്മ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വിശിഷ്ട സേവന മെഡൽ, കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിന്റെ ഇന്റർനാഷണൽ അഫയേഴ്സ് ഫെലോഷിപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയർഫോഴ്സിന്റെ മെറിറ്റോറിയസ് സർവീസ് മെഡൽ എന്നിവയുൾപ്പെടെ നിരവധി അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.