താമരശ്ശേരി: നെസ്ലെ കമ്പനിയുടെ നഞ്ചൻകോട്ടെ പ്ളാന്റിലേക്കുള്ള കൂറ്റൻയന്ത്രങ്ങൾ വഹിച്ചുള്ള ട്രെയ്ലറുകൾ ഒടുവിൽ താമരശ്ശേരി ചുരം കയറി. വെള്ളിയാഴ്ച പുലർച്ചെ 1.56-നാണ് ഇരുട്രെയിലറുകളും ഒമ്പതാം വളവ് പിന്നിട്ടത്. 2.10- ഓടെ വയനാട് ഗേറ്റിലെത്തി.

വൻ വാഹനവ്യൂഹത്തിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും അകമ്പടിയോടെ വ്യാഴാഴ്ച രാത്രി 10.52-നാണ് ട്രെയ്ലറുകൾ അടിവാരത്തുനിന്ന് പുറപ്പെട്ടത്. സ്റ്റാർട്ടിങ് മോട്ടോർ തകരാർ കാരണം മുന്നിൽ നീങ്ങിയ ട്രെയ്ലർ ഇടയ്ക്ക് നിന്നതിനാൽ തുടക്കത്തിൽ യാത്രയ്ക്ക് അല്പം തടസ്സം നേരിട്ടു. വാഹനത്തിനുള്ളിലെ മെക്കാനിക്കിന്റെ നേതൃത്വത്തിൽ തകരാർ പരിഹരിച്ചശേഷം യാത്ര പുനരാരംഭിക്കുകയായിരുന്നു. രാത്രി 11.45-ന് ഇരുവാഹനങ്ങളും ഒന്നാംവളവ് പിന്നിട്ടു. ഒരുമണിയോടെ എട്ടാം വളവിലെത്തി. ഇതിനിടെ വയനാട്ഭാഗത്തു നിന്നെത്തിയ മൂന്ന് ആംബുലൻസുകൾക്ക് വഴിയൊരുക്കി. 1.10-ഓടെ എട്ടാം വളവ് പിന്നിട്ടു. മുന്നിലുള്ള വാഹനത്തിന്റെ എൻജിൻ ചൂടായതിനാൽ എട്ടാം വളവിനു മുകളിൽ ട്രെയിലറുകൾ അല്പനേരം നിർത്തിയിട്ടു.

ഒന്നേ മുക്കാലോടെ ഒമ്പതാം വളവിലേക്ക് യാത്ര തുടർന്നു. ഒമ്പതാം വളവിനു താഴെ ടവർലൈനിനു മുകളിലായി വലതുവശത്ത് കൂറ്റൻപാറയുള്ള റോഡിന്റെ വീതികുറഞ്ഞ ഭാഗം ആശങ്ക ഉയർത്തിയെങ്കിലും ഡ്രൈവർമാർ വാഹനങ്ങൾ പ്രയാസമില്ലാതെ ചുരത്തിലെ അവസാന വളവും പിന്നിട്ടു.

ചെന്നൈയിൽനിന്ന് മൈസൂർ നഞ്ചൻഗോഡിലെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റൻയന്ത്രങ്ങളുമായെത്തി മൂന്നുമാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ടിരുന്ന ട്രെയിലറുകളാണ് ചുരം കടന്നത്. ട്രയിലറുകൾ പോകുന്നതിന്റെ ഭാഗമായി രാത്രി ചുരത്തിലൂടെയുള്ള യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.