കാഠ്മണ്ഡു: ജയിൽമോചിതനായ രാജ്യാന്തര കുറ്റവാളി ചാൾസ് ശോഭരാജിനെ നേപ്പാളിൽനിന്ന് ഫ്രാൻസിലേക്ക് നാടുകടത്തി. 19 വർഷത്തെ ജയിൽവാസത്തിനുശേഷം വെള്ളിയാഴ്ച മോചിതനായതിനു പിന്നാലെയാണ് ഫ്രഞ്ച് പൗരനായ ശോഭരാജിനെ ദോഹവഴി പാരിസിലേക്കുള്ള വിമാനത്തിൽ നാടുകടത്തിയത്. പത്തുവർഷം നേപ്പാളിൽ ​പ്രവേശന വിലക്കേർപ്പെടുത്തിയ ശേഷമാണ് നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഫണീന്ദ്ര മണി പൊഖാറേൽ അറിയിച്ചു.

നേപ്പാൾ സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് ശോഭരാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. 78കാരനായ ശോഭരാജിനെ ജയിലിൽനിന്ന് എമിഗ്രേഷൻ അധികാരികൾക്കാണ് ആദ്യം കൈമാറിയത്. താമസിപ്പിക്കാൻ ​പ്രത്യേക മുറിയില്ലാത്തതിനാൽ ഒരു ദിവസംകൂടി നീട്ടണമെന്ന് എമിഗ്രേഷൻ അധികൃതർ അഭ്യർഥിച്ചതിനാലാണ് മോചനം വെള്ളിയാഴ്ചയിലേക്ക് നീണ്ടത്.

15 ദിവസത്തിനകം നാടുകടത്തണമെന്നായിരുന്നു ഉത്തരവ്. നാടുകടത്തുന്നത് പാസ്​പോർട്ടിൽ രേഖപ്പെടുത്തി. 1975ൽ അമേരിക്കക്കാരിയായ കോണി ജോ ബ്രോൻസിച്ചിനെ ​​കൊലപ്പെടുത്തിയ കേസിൽ 2003ലാണ് ശോഭരാജിന് ജയിൽശിക്ഷ ലഭിച്ചത്. 2003ൽ കാഠ്മണ്ഡുവിലെ കാസിനോയിൽ ഒടുവിൽ അറസ്റ്റിലായത്. 2014ൽ മറ്റൊരു കേസിലും ജീവപര്യന്തം തടവുശിക്ഷ കിട്ടി. 20 വർഷമാണ് നേപ്പാളിലെ ജീവപര്യന്തം തടവ്.

19 വർഷം തടവ് അനുഭവിച്ചെന്നും ജയിലിലെ നല്ല പെരുമാറ്റത്തിന്റെ പേരിൽ മോചിപ്പിക്കണമെന്നുമുള്ള അപേക്ഷയിലാണ് ഇദ്ദേഹത്തെ വെറുതെ വിടുന്നത്. നിരവധി ​കൊലപാതകങ്ങൾ നടത്തിയ ശോഭരാജ് തിഹാർ ജയിലിലും തടവിൽ കഴിഞ്ഞിരുന്നു.