ചിക്കാഗോ: അമേരിക്ക കടന്നുപോകുന്നത് നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ ശൈത്യത്തിലൂടെ. വരുംനാളുകളില്‍ ശക്തമായ ശീതക്കാറ്റ് അടക്കം അനുഭവപ്പെടാമെന്ന മുന്നറിയിപ്പ് ഭരണകൂടം നല്‍കി. ക്രിസ്മസ്, പുതുവര്‍ഷ അവധിക്ക് പോകുന്നവര്‍ യാത്ര രണ്ടു ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. പ്രധാന റോഡുകള്‍ എല്ലാം അടച്ചു. നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി.

അവധിക്കാലത്തെ ഏറ്റവും തിരക്കേറിയ സമയത്താണ് ശൈത്യം കൂടിവരുന്നത്. കോടികണക്കിന് ആളുകള്‍ ശൈത്യക്കാറ്റിന്റെ ദുരിതം നേരിടേണ്ടി വരും. ആളുകള്‍ കഴിവതും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും പ്രായമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍ കണ്ട മഞ്ഞുപോലെയല്ല, ഇത് ഗൗരവമേറിയ കാര്യമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.