മോസ്കോ: യുക്രയ്ൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് വ്ലാഡമിർ പുടിൻ. യുദ്ധം അവസാനിപ്പിക്കുകയാണ് റഷ്യയുടെ ലക്ഷ്യം. അതിനായാണ് ഞങ്ങളുടെ പരിശ്രമം. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനുള്ള ശ്രമമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ തർക്കങ്ങളും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവസാനിക്കുന്നത് ചർച്ചകളിലൂടെയാണ്. നമ്മുടെ എതിരാളികൾ അത് എത്രയും വേഗം മനസിലാക്കുന്നുവോ അത്രയും നന്നായിരിക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.

നേരത്തെ യുക്രെയ്നിലെ കിഴക്കൻ പ്രദേശങ്ങളുടെ നിയന്ത്രണം പിടിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് റഷ്യൻ സൈനിക മേധാവി പറഞ്ഞിരുന്നു. ഇതിനൊപ്പം യുക്രെയ്നുമായി ചർച്ചകളുടെ വഴി അടഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

യുദ്ധത്തിനിടെ വീണ്ടും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി യു.എസ് സന്ദർശിച്ചിരുന്നു. 8.1 ബില്യൺ ഡോളറിന്റെ ആയുധങ്ങൾ യുക്രെയ്ന് വിതരണം ചെയ്യുമെന്ന് യു.എസ് വാഗ്ദാനം ചെയ്തിരുന്നു. അതേസമയം തങ്ങളുടെ ആശങ്കകൾ സെലൻസ്കിയും യു.എസും പരിഗണിക്കുന്നില്ലെന്നാണ് റഷ്യയുടെ ആരോപണം.