അഫ്ഗാനിൽ സ്ത്രീകളുടെ സർവ്വകലാശാല പ്രവേശനം നിഷേധിച്ച് താലിബാന്റെ നീക്കത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തെ ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പുതിയ സർക്കാർ പ്രാതിനിധ്യം നൽകണമെന്നും ഇപ്പോഴുള്ള റിപ്പോർട്ടുകളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

രണ്ട് ദിവസം മുമ്പാണ് താലിബാൻ ഭരണകൂടം തങ്ങളുടെ സർവ്വകലാശാലകളിൽ പെൺകുട്ടികളുടെ പ്രവേശനം നിരോധിച്ച് ഉത്തരവിറക്കിയത്. താലിബാന്റെ ഈ നീക്കത്തെ അമേരിക്ക, ബ്രിട്ടൻ, സൗദി അറേബ്യ, തുർക്കി, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു. എന്നാൽ തീരുമാനങ്ങൾ പുനഃപരിശോധിക്കുന്നതായി താലിബാനിൽ നിന്ന് ഒരു സൂചനയും ലഭിച്ചിട്ടില്ല.

അഫ്ഗാനിസ്ഥാനിലെ എല്ലാ വർഗങ്ങളുടെയും സമുദായങ്ങളുടെയും ഉൾക്കൊള്ളുന്ന സർക്കാരിനെയാണ് ഇന്ത്യ ആവശ്യപ്പെടുന്നതെന്ന് അരിന്ദം ബാഗ്ചി പറഞ്ഞു. അത് അവിടെയുള്ള ഓരോ പൗരന്റെയും അവകാശങ്ങൾ സംരക്ഷിക്കുകയും വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യ അവകാശങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് ബാഗ്ചി കൂട്ടിച്ചേർത്തു. 

സ്ത്രീകൾക്ക് തുല്യപങ്കാളിത്തത്തിന്റെയും തുല്യാവകാശം നൽകുന്നതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന യുഎൻ രക്ഷാസമിതിയുടെ 2593-ാം പ്രമേയത്തെ ബാഗ്ചി ഓർമ്മിപ്പിച്ചു. ‘അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും സർക്കാരിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകാനും സ്ത്രീകൾക്ക് തുല്യാവകാശം നൽകാനും പറഞ്ഞിട്ടുള്ള പ്രമേയം 2593 2021 ഓഗസ്റ്റിൽ പാസാക്കിയതായി നമുക്ക് അറിയാം’ എന്നായിരുന്നു ബാഗ്ചി പറഞ്ഞത്.