ഉത്തർപ്രദേശിലെ വിചിത്ര പബ്ലിക് ടോയ്ലറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു ബാത്ത് റൂമിൽ വേർതിരിവുകളില്ലാതെ അടുത്തടുത്തായി രണ്ട് ഇന്ത്യൻ ടോയ്ലറ്റുകൾ സ്ഥാപിച്ചതാണ് ചർച്ചയായിരിക്കുന്നത്. യുപി ബസ്തി ജില്ലയിലെ ഗൗരു ദുണ്ഡ ഗ്രാമത്തിലാണ് വിചിത്രമായ ശൗചാലയ സമുച്ചയം പണികഴിപ്പിച്ചിരിക്കുന്നത്. 

ചിത്രം വൈറലായതിന് പിന്നാലെ നിർമ്മാണ ചുമതലയിലുള്ള ഓഫീസർക്ക് ജില്ലാ ഭരണകൂടം നോട്ടീസ് അയച്ചിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് ‘ഇസത് ഘർ’ നിർമ്മിക്കാൻ ചെലവഴിച്ചതായി പറയുന്നത്. ചില മുറികളിൽ വേർതിരിവ് ഭിത്തി പോലുമില്ലാതെ രണ്ട് ക്ലോസറ്റുകളാണ് ഉള്ളതെങ്കിൽ ചിലതിന് വാതിൽ പോലുമില്ല. 

ഇത്തരം അനാസ്ഥയ്ക്ക് ഉത്തരവാദിയായ ഉദ്യോഗസ്ഥന് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർ നമ്രത ശരൺ പറഞ്ഞു. കമ്മ്യൂണിറ്റി ടോയ്ലറ്റ് ഉടൻ ശരിയാക്കുമെന്നും ടോയ്ലറ്റിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ താൻ തന്നെ സ്ഥലം സന്ദർശിക്കുമെന്നും അവർ പറഞ്ഞു.