ഡല്‍ഹി: ചൈനയില്‍ വീണ്ടും കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പനിയ്ക്കുളള മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ സന്നദ്ധതയറിയിച്ച് ഇന്ത്യ. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്സിഒ)ന്റെ  ചെയര്‍പേഴ്സണ്‍, മരുന്ന് കയറ്റുമതി ചെയ്യാന്‍ തയ്യാറാണെന്ന് റോയിട്ടേഴ്‌സിനോട് പറഞ്ഞു . പുതിയ ഒമിക്രോണ്‍ സബ് വേരിയന്റ് ബിഎഫ്.7 നെ പ്രതിരോധിക്കാനുളള പ്രവര്‍ത്തനത്തില്‍ ചൈനയെ സഹായിക്കാനൊരുക്കമാണെണെന്നും ഇന്ത്യ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാതാക്കളിലൊരാളാണ് ഇന്ത്യ.

ചൈനയെ സഹായിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കര്‍ശനമായ സീറോ കോവിഡ് -19 നയങ്ങള്‍ക്കെതിരെ ചൈനയില്‍ ദിവസങ്ങളോളം പ്രതിഷേധം നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. തുടര്‍ന്നാണ് കേസുകള്‍ വര്‍ധിച്ചത്.  ഇതോടെ പനിയുടെ മരുന്നുകള്‍ക്കും ടെസ്റ്റ് കിറ്റുകള്‍ക്കും ആവശ്യകത വര്‍ധിച്ചു. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന മരുന്നുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

ചൈനയില്‍ മരുന്നു വാങ്ങാന്‍ പരിമിതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സിഎന്‍എന്‍ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഒന്നുകില്‍ പനിയുടെ മരുന്ന് അല്ലെങ്കില്‍ ഗുളിക എന്നിങ്ങനെ ഏതെങ്കിലും ഒന്ന് മാത്രമേ വാങ്ങാനാകുന്നുള്ളൂ. ജര്‍മ്മന്‍ പൗരന്മാര്‍ക്ക് നല്‍കാനായി ബയോഎന്‍ടെക് കോവിഡ് -19 വാക്‌സിനുകളുടെ ആദ്യ ഡോസ് ബെര്‍ലിന്‍, ചൈനയിലേക്ക് അയച്ചിട്ടുണ്ടെന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. 

ഇബുപ്രോഫെന്‍, പാരസെറ്റമോള്‍ തുടങ്ങിയ പനിയ്ക്കുളള മരുന്നുകള്‍ക്ക് ചൈനയില്‍ ആവശ്യക്കാര്‍ ഉയരുകയാണ്. ചൈനയിലെ കോവിഡ് സ്ഥിതിഗതികള്‍ ഞങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോകത്തിന്റെ ഫാര്‍മസിയായി ഞങ്ങള്‍ എല്ലായ്പ്പോഴും മറ്റ് രാജ്യങ്ങളെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.