രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഫരീദാബാദില്‍ പ്രവേശിച്ചു. യാത്ര നാളെ ഡല്‍ഹിയിലെത്തും. ഇതേ തുടര്‍ന്ന് ഫരീദാബാദില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഹരിയാനയിലെ സോഹ്ന ഖേര്‍ലി ലാലയില്‍ നിന്നാണ് യാത്ര പുനരാരംഭിച്ചത്. രാവിലെ 10 മണിക്ക് പഖല്‍ ഗ്രാമത്തില്‍ പ്രഭാത വിശ്രമത്തിനായി ഇടവേളയെടുക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക്, പാലി ചൗക്കില്‍ നിന്ന് യാത്ര പുനരാരംഭിക്കുകയും ഫരീദാബാദിലെ ഗോപാല്‍ ഗാര്‍ഡനിലെ ബദ്കല്‍ മോറില്‍ വൈകുന്നേരം ഇടവേളയ്ക്കായി നിര്‍ത്തുകയും ചെയ്യും. തുടര്‍ന്ന്‌ ഗോപാല്‍ ഗാര്‍ഡനില്‍ പ്രവര്‍ത്തകര്‍ യോഗം ചേരുകയും ഫരീദാബാദില്‍ തന്നെ രാത്രിയില്‍ തങ്ങുകയും ചെയ്യും.

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ ആരംഭിച്ച് കശ്മീരില്‍ സമാപിക്കുന്ന യാത്ര തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങള്‍ പിന്നിട്ട് ഹരിയാനയിലാണ് ഇപ്പോഴുളളത്. നടന്‍ കമല്‍ഹാസന്‍, ഡിഎംകെ എംപി കനിമൊഴി പ്രതിപക്ഷത്തെ മറ്റ് എംപിമാര്‍ എന്നിവര്‍ ഡല്‍ഹിയില്‍ നടക്കുന്ന യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കുചേരുമെന്ന്‌
അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിച്ചു.

ഭാരത് ജോഡോ യാത്രയുടെ റൂട്ട് നിശ്ചയിച്ചിരിക്കുന്നതിനാല്‍ ഡല്‍ഹിയിലും ഗതാഗത നിയന്ത്രണ മുന്നറിയിപ്പ് നല്‍കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അതിന്റെ 108-ാം ദിവസമായ ശനിയാഴ്ച്ച രാവിലെ ആറിന് ഡല്‍ഹിയിലെത്തും.

ഭാരത് ജോഡോ യാത്ര ഫരീദാബാദില്‍ പ്രവേശിച്ചതിനാല്‍, ബല്ലാബ്ഗഢില്‍ നിന്ന് ദൗജ് വഴി സോഹ്നയിലേക്കുള്ള ഗതാഗതം പുലര്‍ച്ചെ 4 മുതല്‍ ഉച്ചവരെ പൂര്‍ണ്ണമായും അടച്ചിരിക്കും. ബദ്ഖല്‍ ചൗക്ക്, ഓള്‍ഡ് ചൗക്ക്, നീലം അജ്റോണ്ട ചൗക്ക് എന്നിവിടങ്ങളില്‍ നിന്ന് എന്‍ഐടിയിലേക്ക് വരുന്ന എല്ലാത്തരം വാഹനങ്ങള്‍ക്കും വൈകുന്നേരം 4 മണി മുതല്‍ സമ്പൂര്‍ണ നിരോധനം ഉണ്ടായിരിക്കും. കൂടാതെ, ഡല്‍ഹി-മഥുര റോഡ്, നീലം മേല്‍പ്പാലത്തില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സര്‍വീസ് റോഡ്, എന്‍എച്ച്-2 എന്നിവയിലും പൂര്‍ണമായും അടച്ചിടും.