ഉത്തർപ്രദേശിലെ ബറേലിയിൽ ഒരു സ്‌കൂൾ പ്രിൻസിപ്പലിനെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. വിദ്യാർത്ഥികൾ അസംബ്ലിയിൽ മതപരമായ പ്രാർത്ഥന ചൊല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണിത്. വീഡിയയിൽ വിദ്യാർത്ഥികൾ ‘മേരെ അള്ളാ ബുറൈ സെ ബചാന മുജ്‌കോ'(എന്റെ അള്ളാഹൂ എന്നെ തിന്മയിൽ നിന്നും രക്ഷിക്കണേ) എന്ന് പാടുന്നത് കേൾക്കാം. 

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് തുടർന്ന് സ്‌കൂളിനെതിരെ വിശ്വഹിന്ദു പരിഷത്ത് പരാതി നൽകിയിരുന്നു. പിന്നാലെയാണ് പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്യുന്നത്. ഹിന്ദു ഭൂരിപക്ഷ സ്‌കൂളിൽ മതവികാരം വ്രണപ്പെടുകയാണെന്ന് ഹിന്ദു സംഘടന പറഞ്ഞു. സ്‌കൂളിലെ വിദ്യാർത്ഥികളെ മതം മാറ്റാനുള്ള ഒരുക്കങ്ങൾ നടത്തിയെന്നും പരാതിയിൽ പറയുന്നു.  സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്യുകയും നടപടിയെടുക്കുകയും ചെയ്തു. പ്രിൻസിപ്പൽ നഹിദ് സിദ്ദിഖി, കരാർ അധ്യാപകൻ വജ്രുദ്ദീൻ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിനും സ്‌കൂളിന്റെ അന്തരീക്ഷം നശിപ്പിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മിറ്റിയും രൂപീകരിച്ചു.