വടക്കൻ സിക്കിമിന് സമീപം കുത്തനെയുള്ള ചരിവിലൂടെ വാഹനം തെന്നിമാറിയുണ്ടായ അപകടത്തിൽ 16 സൈനികർ കൊല്ലപ്പെടുകയും, നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. രാവിലെ ചതനിൽ നിന്ന് തങ്ങുവിലേക്ക് നീങ്ങിയതായിരുന്നു അപകടത്തിൽപ്പെട്ട വാഹനം ഉൾപ്പെടുന്ന വാഹനവ്യൂഹം. സേമയിലേക്ക് കടക്കവേയാണ് വാഹനം അപകടത്തിൽപ്പെട്ടത്.

“ഉടൻ തന്നെ രക്ഷാദൗത്യം ആരംഭിച്ചു, പരിക്കേറ്റ നാല് സൈനികരെ ആകാശമാർഗം ആശുപത്രിയിലേക്ക് മാറ്റി. നിർഭാഗ്യവശാൽ, മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും, 13 സൈനികരും അപകടത്തിൽ പരിക്കേറ്റ് മരണത്തിന് കീഴടങ്ങി” ഇന്ത്യൻ ആർമി പ്രസ്‌താവനയിലൂടെ അറിയിച്ചു.

അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി. “വടക്കൻ സിക്കിമിലെ വാഹനാപകടത്തിൽ ഇന്ത്യൻ കരസേനാംഗങ്ങളുടെ ജീവൻ നഷ്‌ടപ്പെട്ടതിൽ അഗാധമായ വേദനയുണ്ട്. അവരുടെ സേവനത്തിനും പ്രതിബദ്ധതയ്ക്കും രാജ്യം അങ്ങേയറ്റം നന്ദി പറയുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു” രാജ്‌നാഥ് സിംഗ് അറിയിച്ചു.