ലോസ്ആഞ്ചൽസ്: ഭൂമിയുടെ ഉപരിതല ജലത്തെ കുറിച്ച് ആഗോള സർവേ നടത്താൻ രൂപകല്പ്പന ചെയ്ത യു.എസ്-ഫ്രഞ്ച് ഉപഗ്രഹത്തെ വഹിച്ചു കൊണ്ടുള്ള സ്‌പേസ് എക്സ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പഠനങ്ങൾക്ക് പുതിയ വെളിച്ചം വീശുമെന്ന് പ്രതീക്ഷിക്കുന്നു.

ഇലോൺ മസ്‌കിന്റെ വാണിജ്യ റോക്കറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫാൽക്കൺ 9 ബൂസ്റ്റർ, ലോസ്ആഞ്ചൽസിൽ നിന്ന് 160 മൈൽ വടക്കുപടിഞ്ഞാറുള്ള വാൻഡൻബെർഗ് യു.എസ് സ്‌പേസ് ഫോഴ്സ് ബേസിൽ നിന്നാണ് വിക്ഷേപിച്ചത്. ഉപഗ്രഹത്തെ വഹിക്കുന്ന ഫാൽക്കൺ 9ന്റെ മുകളിലെ ഭാഗം ഒമ്പത് മിനിട്ടിനുള്ളിൽ ഭ്രമണപഥത്തിലെത്തി. പുനരുപയോഗിക്കാവുന്ന താഴത്തെ ഭാഗം റോക്കറ്റിൽ നിന്ന് വേർപെട്ട് ഭൂമിയിലേക്ക് പതിക്കുകയും ചെയ്തു.

ദൗത്യത്തിലെ സർഫേസ് വാട്ടർ ആൻഡ് ഓഷ്യൻ ടോപ്പോഗ്രാഫി സാറ്റ്‌ലൈറ്റ് വിക്ഷേപിച്ച് ഒരു മണിക്കൂറിനുള്ളിൽ ഭൂമിയുടെ 530 മൈൽ മുകളിലുള്ള ഭ്രമണപഥത്തിലെത്തി. റോക്കറ്റിന്റെ മുകളിലെ ഭാഗത്ത് ഘടിപ്പിച്ച ക്യാമറയിൽ നിന്നുള്ള വീഡിയോയിൽ സാറ്റ്‌ലൈറ്റ് ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നത് കാണാം.

അരമണിക്കൂറിനുശേഷം, ഉപഗ്രഹത്തിൽ നിന്ന് ആദ്യത്തെ സിഗ്നലുകൾ വീണ്ടെടുത്തതായും ഉപഗ്രഹം പ്രവർത്തനക്ഷമമാണെന്ന് സ്ഥിരീകരിച്ചെന്നും ഫ്രഞ്ച് ബഹിരാകാശ ഏജൻസി റിപ്പോർട്ട് ചെയ്തു.

ലോകത്തിന്റെ 90 ശതമാനത്തിലധികം വരുന്ന സമുദ്രങ്ങൾ, തടാകങ്ങൾ, ജലസംഭരണികൾ, നദികൾ എന്നിവയുടെ ഹൈഡെഫിനിഷൻ അളവുകൾ ശേഖരിക്കുന്നതിനുള്ള വിപുലമായ മൈക്രോവേവ് റഡാർ സാങ്കേതികവിദ്യയാണ് ഉപഗ്രഹത്തിന്റെ കേന്ദ്രഭാഗത്തുള്ളത്. റഡാറിൽ നിന്ന് സമാഹരിക്കുന്ന ഡാറ്റ, സമുദ്രചംക്രമണ മാതൃകകൾ മെച്ചപ്പെടുത്തുന്നതിനും കാലാവസ്ഥാ പ്രവചനങ്ങൾക്കും വരൾച്ച ബാധിത പ്രദേശങ്ങളിൽ ശുദ്ധജല വിതരണം കൈകാര്യം ചെയ്യുന്നതിനും ഉപയോഗിക്കുമെന്ന് ഗവേഷകർ പറയുന്നു.

എസ്‌യു.വി വലിപ്പമുള്ള ഉപഗ്രഹത്തിന്റെ ഘടകങ്ങൾ പ്രധാനമായും ലോസ്ആഞ്ചൽസിനും സി.എൻ.ഇ.എസിനും സമീപമുള്ള നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ നിർമ്മിച്ചതാണ്.