ന്യൂഡൽഹി: രാജ്യത്തെ 50 മുൻനിര കോടീശ്വരൻമാർ ബാങ്കുകൾക്ക് നൽകാനുള്ളത് 92,570 കോടി രൂപ. കുടിശ്ശികയുള്ളവരിൽ വജ്രവ്യാപാരിയായ മെഹുൽ ചോക്സിയാണ് ഒന്നാമത്. 2022 മാർച്ച് 31വരെയുള്ള കണക്കാണ് ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്സഭയിൽ രേഖാമൂലം അറിയിച്ചത്. വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസ് 7,848 കോടി രൂപയാണ് തിരിച്ചടയ്‌ക്കാനുള്ളത്. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ കണക്കുകൾ ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

എറ ഇൻഫ്ര- 5879 കോടി, റെയ്‌ഗോ അഗ്രോ- 4803 കോടി എന്നിവരാണ് മറ്റ് വലിയ കുടിശ്ശികക്കാർ.

കോൺകാസ്റ്റ് സ്റ്റീൽ ആൻഡ് പവർ- 4,596 കോടി, എ.ബി.ജി ഷിപ്പ്യാർഡ്- 3,708 കോടി, ഫ്രോസ്റ്റ് ഇന്റർനാഷണൽ- 3,311 കോടി, വിൻസം ഡയമണ്ട്സ് ആൻഡ് ജുവലറി- 2,931 കോടി, റോട്ടോമാക് ഗ്ലോബൽ- 2,893 കോടി, സൂം ഡെവലപ്പർമാർ- 2,147 കോടി എന്നിവരാണ് പ്രധാനമായും കുടിശ്ശികയുണ്ടാക്കിയത്. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി (എൻ.പി.എ) നേരത്തെ 8.9 ലക്ഷം കോടിയായിരുന്നു. ഇപ്പോഴത് മൂന്ന് ലക്ഷം കോടിയായി കുറഞ്ഞു.

അതേസമയം 10.1 ലക്ഷം കോടി രൂപയുടെ വായ്‌പ ബാങ്കുകൾ എഴുതിത്തള്ളി. എസ്.ബി.ഐയാണ് കൂടുതൽ തുക എഴുതി തള്ളിയത്, 2 ലക്ഷം കോടി രൂപ. പഞ്ചാബ് നാഷണൽ ബാങ്ക് 67,214 കോടിയും എഴുതിത്തള്ളി. സ്വകാര്യ ബാങ്കുകളിൽ ഐ.സി.ഐ.സി.ഐ 50,514 കോടി രൂപയും, എച്ച്.ഡി.എഫ്.സി 34,782 കോടിയും എഴുതിത്തള്ളി.

ചോക്സി നൽകാനുള്ളത് 7,848 കോടി

 50 കോടീശ്വരൻമാർ നൽകാനുള്ളത്- 92,570 കോടി രൂപ

 മെഹുൽ ചോക്സി നൽകാനുള്ളത്- 7,848 കോടി

 എറ ഇൻഫ്ര- 5879 കോടി

 റെയ്‌ഗോ അഗ്രോ- 4803 കോടി

 കോൺകാസ്റ്റ് സ്റ്റീൽ ആൻഡ് പവർ- 4,596 കോടി

 എ.ബി.ജി ഷിപ്പ്യാർഡ്- 3,708 കോടി

 ഫ്രോസ്റ്റ് ഇന്റർനാഷണൽ- 3,311 കോടി

 വിൻസം ഡയമണ്ട്സ് ആൻഡ് ജുവലറി- 2,931 കോടി

 റോട്ടോമാക് ഗ്ലോബൽ- 2,893 കോടി

 സൂം ഡെവലപ്പർമാർ- 2,147 കോടി

എഴുതിത്തള്ളിയത് 10.1 ലക്ഷം കോടി

 എസ്.ബി.ഐ- 2 ലക്ഷം കോടി രൂപ

 പഞ്ചാബ് നാഷണൽ ബാങ്ക്- 67,214 കോടി

 ഐ.സി.ഐ.സി.ഐ- 50,514 കോടി

 എച്ച്.ഡി.എഫ്.സി- 34,782 കോടി